പ്രക്ഷേപണ രംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന ജയ്ഹിന്ദ് ടിവിയുടെ മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെയ്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും . വാർത്തകളും മറ്റു പരിപാടികളും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം വേഗത്തിൽ എത്തിക്കുന്നതിനായി തയ്യാറാക്കിയ പുതിയ 24x7 മൊബൈൽ ആപ്ലിക്കേഷന്റെയും പുനരാവിഷ്കരിച്ച വെബ്സൈറ്റിന്റെയും ഉദ്ഘാടനം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്നു.
ചടങ്ങിൽ 24x7 ന്യൂസ് മൊബൈൽ ആപ്പ് മുഖമന്ത്രി വി.ഡി. സതീശനും ജയ്ഹിന്ദ് ടിവിയുടെ പുതുക്കിയ വെബ്സൈറ്റ് ആഭ്യന്തര-വിജിലിൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും ലോഞ്ച് ചെയ്തു . എം.എം. ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി 20 വർഷം പിന്നിടുന്ന പരമ്പരയായ 'മിഡിൽ ഈസ്റ്റ് ദിസ് വീക്ക്' (Middle East This Week) പരിപാടിയുടെ 1000-ാം എപ്പിസോഡിന്റെ കൗണ്ട്ഡൗൺ ഉദ്ഘാടനം മുഖമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് നിർവ്വഹിച്ചു.
ജയ്ഹിന്ദ് ടിവി എഡിറ്റർ ഇൻ ചീഫ് സണ്ണിക്കുട്ടി എബ്രഹാം സ്വാഗതപ്രസംഗവും, ചെയർമാൻ അനിയൻകുട്ടി ആമുഖ പ്രസംഗവും നടത്തി. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ എന്നിവർക്കൊപ്പം ജയ്ഹിന്ദ് ടിവി ഡയറക്ടർ എം.എം. ഹസ്സൻ, മാനേജിംഗ് ഡയറക്ടർ പന്തളം സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എൽവിസ് ചുമ്മാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.