തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് വസ്തു ഉടമയില്‍ നിന്ന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ്. കൗണ്‍സിലര്‍ വസ്തു ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് തികച്ചും ഗൗരവമുള്ള വിഷയമാണെന്നും ഇത്തരത്തിലുള്ള പ്രവണതകള്‍ ധാര്‍മികമായോ നിയമപരമായോ അംഗീകരിക്കാന്‍ കഴിയില്ലെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.എസ്. ശബരീനാഥന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട്, 1988-ലെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് വിജിലന്‍സ് മേധാവിയെ സമീപിക്കുമെന്നും യു.ഡി.എഫ് അറിയിച്ചു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കൗണ്‍സിലര്‍ സ്ഥാനം അടിയന്തരമായി രാജി വെച്ച് അജിന്‍ അന്വേഷണത്തെ നേരിടണമെന്നും കെ.എസ്. ശബരീനാഥന്‍ ആവശ്യപ്പെട്ടു.
അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന് യു.ഡി.എഫ്