Logo
Sun, Jul 12, 2026 • 12:36 PM
LIVE TV
Watch

No business videos available

No Middle East videos available

കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ ;സംഭവം മിന്നൽ പരിശോധനക്കിടെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 12, 2026
1 min read
SHARE:
SAVE: Login to save

കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ ;സംഭവം മിന്നൽ പരിശോധനക്കിടെ

ബെംഗളൂരു: സാധാരണ യാത്രക്കാരന്റെ വേഷത്തിൽ ബസ് സർവീസുകൾ പരിശോധിക്കാനിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ. ടിക്കറ്റിനായി 100 രൂപയുടെ നോട്ട് നൽകിയപ്പോൾ ചില്ലറയില്ലെന്ന കാരണത്താൽ ബിഎംടിസി (ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ) കണ്ടക്ടർ മന്ത്രിയോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.

നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ യഥാർഥ സ്ഥിതി നേരിട്ട് മനസ്സിലാക്കാനായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ മാസ്ക് ധരിച്ചാണ് അദ്ദേഹം യാത്ര തുടങ്ങിയത്. സാധാരണ യാത്രക്കാരനെപ്പോലെ രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട മന്ത്രി, ടിക്കറ്റ് തുകയ്ക്കായി 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി.

എന്നാൽ കൃത്യമായ ചില്ലറ നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞതോടെ, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. മാസ്ക് ധരിച്ചിരുന്നതിനാൽ മന്ത്രി ആരാണെന്ന് കണ്ടക്ടർ തിരിച്ചറിഞ്ഞിരുന്നില്ല. യാതൊരു വാക്കുതർക്കത്തിനും മുതിരാതെ മന്ത്രി ബസിൽ നിന്ന് ഇറങ്ങി.

തുടർന്ന് നാഗഷെട്ടിഹള്ളിയിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര തുടർന്ന മന്ത്രിക്ക് അവിടെയും സമാന അനുഭവമാണ് ഉണ്ടായത്. മീറ്ററിൽ 30 രൂപ കാണിച്ചിരുന്നെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മീറ്റർ ഉടൻ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. ഒടുവിൽ 40 രൂപ നൽകി മന്ത്രി യാത്ര അവസാനിപ്പിച്ചു.

പൊതുഗതാഗത സംവിധാനത്തിലെ യാത്രക്കാർ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനായിരുന്നു ഈ രഹസ്യ പരിശോധന. പരിശോധനയിൽ ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ബസ്, ഓട്ടോറിക്ഷാ സേവനങ്ങളിലെ പരാതികളും പോരായ്മകളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10