‘ജനനായകൻ’ എത്തുന്നു... ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് , ഇനി ബിഗ് സ്ക്രീനിൽ
ചെന്നൈ: ദളപതി വിജയ് നായകനാകുന്ന ‘ജനനായകൻ’ ചിത്രത്തിൻറെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘എ’ (Adults Only) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഏറെ നാളായി കാത്തിരുന്ന റിലീസ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.ചിത്രത്തിന് 'എ 'സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തികൊണ്ടുള്ള KVN പ്രൊഡക്ഷന്റെ കൂടാതെ വിജയ്‌യുടെ സോഷ്യൽമീഡിയ പോസ്റ്റും ഇപ്പോൾ വൈറലാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് റിലീസ് അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിച്ചതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയും ‘ജനനായകൻ’ സ്വന്തമാക്കുന്നുണ്ട്. അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതോടെ, ചിത്രം വൻ ആഘോഷത്തോടെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണ് ചിത്രത്തിലുള്ളത്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണാണ് ചിത്രം നിർമിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദർ.
അതേസമയം, സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ ദിലീപ്കുമാർ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥി സാന്നിധ്യമായി എത്തുമെന്ന റിപ്പോർട്ടുകളും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അണിയറ പ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിൽ അരശ് ആക്ഷൻ കൊറിയോഗ്രാഫിയും നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം വി. സെൽവകുമാറിന്റേതാണ്. ശേഖറും സുധനും ചേർന്നാണ് നൃത്തസംവിധാനം. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ ‘ജനനായകൻ’ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.