കെപിസിസിക്ക് പുതിയ അധ്യക്ഷൻ ഉടൻ; ചർച്ചകൾക്ക് തുടക്കമിട്ട് ഹൈക്കമാൻഡ്, എം.എം. ഹസനും മുല്ലപ്പള്ളിയും പരിഗണനയിൽ
തിരുവനന്തപുരം: കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് തുടക്കമിട്ടു. പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയതായാണ് വിവരം.
പാർലമെന്ററി പദവി വഹിക്കുന്ന എംപിമാരെയും എംഎൽഎമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് നിലവിൽ നേതൃത്വത്തിനുള്ളത്. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, ജോസഫ് വാഴക്കൻ എന്നിവരുടെ പേരുകളാണ് നിലവിൽ സജീവ പരിഗണനയിലുള്ളത്.
യുഡിഎഫ് മുന്നണി കൺവീനർ സ്ഥാനത്തേക്കും മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് പരിഗണിക്കുന്നതായി സൂചനകളുണ്ട്. അതേസമയം, കർണാടക മന്ത്രിസഭാ വികസനം പൂർത്തിയായ ശേഷമായിരിക്കും കേരളത്തിലെ സംഘടനാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ നടക്കുകയെന്നാണ് വിവരം.
നിലവിലെ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഇതിനിടെ, എംപിമാരെയും എംഎൽഎമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യം ഉയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. "എംഎൽഎമാരും എംപിമാരും സ്വന്തം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ" എന്ന സന്ദേശമാണ് ബോർഡുകളിലുണ്ടായിരുന്നത്.
അതേസമയം, 55 വയസ്സിൽ താഴെയുള്ള നേതാവിനെ അധ്യക്ഷനാക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഭരണകാലയളവിൽ സംസ്ഥാനത്തുടനീളം സജീവമായി പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുന്ന നേതാവായിരിക്കണം കെപിസിസിയുടെ പുതിയ അധ്യക്ഷനെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
മന്ത്രിസഭാ രൂപീകരണത്തിൽ പുതുമുഖങ്ങൾക്കും യുവ നേതാക്കൾക്കും മുൻഗണന നൽകിയ മാതൃക തന്നെ കെപിസിസിയുടെയും ഡിസിസികളുടെയും പുനഃസംഘടനയിലും പിന്തുടരാനുള്ള ആലോചനയും കോൺഗ്രസ് നേതൃത്വം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.