കൂടത്തായി ജോളിക്ക് ഇനി പരീക്ഷാക്കാലം ; ബി.എ. പരീക്ഷയിൽ ഒരു പേപ്പർ മാത്രം ബാക്കി
കണ്ണൂർ: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ചരിത്രത്തിൽ ബിരുദം നേടാനുള്ള പരിശ്രമത്തിൽ. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (IGNOU) ബി.എ. ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. നിലവിൽ രണ്ടാംവർഷ വിദ്യാർഥിയായ ജോളിക്ക് ആകെ എട്ട് പേപ്പറുകളിൽ ഇനി ഒരു പരീക്ഷ മാത്രമാണ് ബാക്കിയുള്ളത്. അവസാന പേപ്പറിലും മികച്ച മാർക്ക് നേടാനുള്ള തയ്യാറെടുപ്പിലാണ് ജോളി. ജയിലിലെ പഠനസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കഠിന പരിശ്രമം തുടരുകയാണ്. ഒന്നാംവർഷ പരീക്ഷയിലെ എല്ലാ പേപ്പറുകളും ജോളി വിജയിച്ചിരുന്നു.
കോഴിക്കോട് സബ് ജയിലിൽ വിചാരണത്തടവുകാരിയായി കഴിയുന്ന ജോളിയെ ബിരുദ പരീക്ഷ എഴുതുന്നതിനായി കഴിഞ്ഞ ആഴ്ച പ്രത്യേക സുരക്ഷയിൽ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. പരീക്ഷകൾ പൂർത്തിയാകുന്നതുവരെ ജോളി അവിടെ തുടരും. വിഷാദരോഗം നേരിട്ടിരുന്നതിനാൽ ജോളിക്ക് കൗൺസലിങ്ങും നൽകുന്നുണ്ട്.
തടവുകാർക്ക് വിദ്യാഭ്യാസ സൗകര്യവുമായി ജയിൽ വകുപ്പ്
തടവുശിക്ഷയിലൂടെ ലക്ഷ്യമിടുന്ന സാമൂഹിക പരിവർത്തനത്തിന് വിദ്യാഭ്യാസം പ്രധാനമാണെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് കൂടുതൽ അന്തേവാസികൾ ഉപരിപഠനത്തിലേക്ക് എത്തുന്നുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ മറ്റൊരു തടവുകാരനും ബി.എ. ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. കൂടാതെ 35 തടവുകാർ തുല്യതാ പരീക്ഷയും എഴുതുന്നുണ്ട്.
തടവുകാർക്ക് പഠനത്തിനായി പ്രത്യേക സാമ്പത്തിക ചെലവൊന്നും വേണ്ടിവരില്ല. അധ്യാപകരുടെയും പുസ്തകങ്ങളുടെയും സൗകര്യം സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ബിരുദാനന്തര ബിരുദ പഠനം നടത്തുന്നവർക്ക് അസൈൻമെന്റ് തയ്യാറാക്കുന്നതിനുള്ള സഹായവും നൽകുന്നു. പ്രത്യേക സമയങ്ങളിൽ ജയിൽ വാർഡന്മാരുടെ സാന്നിധ്യത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൂപ്രണ്ട് കെ. വേണു, വെൽഫെയർ ഓഫീസർ ഗ്രേഡ് വൺ കെ. രാജേഷ് കുമാർ, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ടീച്ചർ എം. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷാ നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പര കേസ്
2002 മുതൽ 2016 വരെയുള്ള കാലയളവിൽ കോഴിക്കോട് കൂടത്തായിയിലെ കുടുംബാംഗങ്ങളായ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജോസഫ് വിചാരണത്തടവുകാരിയായി ജയിലിലെത്തിയത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ജോളി എൻ.ഐ.ടി. പ്രൊഫസറായി ആൾമാറാട്ടം നടത്തിയതും, സയനൈഡ് ഉപയോഗിച്ച് ബന്ധുക്കളെ കൊലപ്പെടുത്തിയെന്ന ആരോപണവും കേരളത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു. 2019 ഒക്ടോബർ അഞ്ചിനാണ് ജോളി ജോസഫ് അറസ്റ്റിലായത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.