ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ നര്‍മദ നദിയുടെ തീരത്ത് ആയിരക്കണക്കിന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നാലെ വോട്ട് തിരിമറി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഖാര്‍ഗോണ്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള മണ്ഡലേശ്വര്‍ ഘട്ടിലാണ് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. കണ്ടെത്തിയ കാര്‍ഡുകളില്‍ ഭൂരിഭാഗവും ഇന്ദോറിലെ റാവു നിയമസഭാ മണ്ഡലത്തിലുള്ള വോട്ടര്‍മാരുടേതാണെന്നാണ് പ്രാഥമിക വിവരം. ഇവ എങ്ങനെ നദീതീരത്ത് എത്തിച്ചേര്‍ന്നു എന്നതിലും കാര്‍ഡുകളുടെ കൃത്യമായ എണ്ണത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. നദീതീരത്ത് കാര്‍ഡുകള്‍ ചിതറിക്കിടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും മഹസ്സര്‍ തയ്യാറാക്കുകയും ചെയ്തു.
വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയതായി മഹേശ്വര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പൂര്‍വ മണ്ട്ലോയി സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 'നിസ്വാര്‍ത്ഥ സേവാ സമിതി' പ്രവര്‍ത്തകര്‍ നര്‍മദ ഘട്ട് വൃത്തിയാക്കുന്നതിനിടെയാണ് കാര്‍ഡുകള്‍ ആദ്യമായി കണ്ടതെന്ന് മണ്ഡലേശ്വര്‍ പോലീസ് ഉദ്യോഗസ്ഥ ശ്വേത ശുക്ല പറഞ്ഞു. പോലീസിന് പരാതി ലഭിച്ചിട്ടുണ്ടെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലേശ്വര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ടെടുത്ത കാര്‍ഡുകള്‍ പോലീസിന് കൈമാറിയ ഇവര്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നര്‍മദ നദിയിലും തീരത്തുമായി നൂറുകണക്കിന് വോട്ടര്‍ ഐഡി കാര്‍ഡുകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഖാര്‍ഗോണ്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് രവി നായക് ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച കോണ്‍ഗ്രസ്, നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
നര്‍മദ നദീതീരത്ത് ഉപേക്ഷിച്ച നിലയില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍; മധ്യപ്രദേശില്‍ വോട്ട് ചോര്‍ച്ച ആരോപണവുമായി കോണ്‍ഗ്രസ്