തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതരായ കുട്ടികളുടെ സൗജന്യ ചികിത്സാ പ്രായപരിധി നിലവിലെ 12 വയസ്സില്‍ നിന്നും ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ സ്റ്റാഫ് വെല്‍ഫെയര്‍ ഫോറത്തിന്റെ (ഐ.എന്‍.ടി.യു.സി) 13-ാമത് വാര്‍ഷിക സമ്മേളനം തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ (വി.ജെ.ടി ഹാള്‍) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വര്‍ഷമായി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ അഴിമതിയുടെ തേരോട്ടമായിരുന്നുവെന്നും സ്ഥാപനത്തെ ശുദ്ധീകരിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്ന ജീവനക്കാരെ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ കാരുണ്യാ ഫാര്‍മസികളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എം.ആര്‍. ബൈജു എം.എല്‍.എ, കെ.എസ്. ശബരീനാഥന്‍, റഫീഖ് ജെ.എസ്, സെക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്. എര്‍ഷാദ്, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. സുനില്‍, ബി. ശ്യാംകുമാര്‍, രാജേഷ് പി, വിനീത് വി.ആര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ആര്‍. ഹരികുമാര്‍, ഷെര്‍ലി എസ്, ആന്റണി ആല്‍ബര്‍ട്ട്, സുമി തുടങ്ങിയവര്‍ സംസാരിച്ചു.
എസ്എംഎ രോഗബാധിതരുടെ ചികിത്സാപ്രായപരിധി ഉയര്‍ത്തും: ആരോഗ്യമന്ത്രി കെ. മുരളീധരൻ