ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി കൃത്യമായ ഒരു ദേശീയ നയം രൂപീകരിക്കണമെന്ന് 2026 സെപ്റ്റംബര്‍ 1-നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനായി കോടതി അനുവദിച്ച 90 ദിവസത്തെ സമയപരിധി നവംബര്‍ 30-ന് അവസാനിക്കാനിരിക്കെയാണ് സിജെപി വീണ്ടും വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.
സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വസിച്ചാണ് സെപ്റ്റംബര്‍ 5-ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് തങ്ങള്‍ പിന്‍വലിച്ചതെന്ന് സിജെപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നയങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് സംഘടന ആരോപിച്ചു.
നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങളും നഷ്ടപരിഹാരത്തുകയും എത്രയും വേഗം വെളിപ്പെടുത്തണമെന്ന് സിജെപി കത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ, ഉദ്യോഗസ്ഥതലത്തിലുള്ള യാതൊരുവിധ കാലതാമസവുമില്ലാതെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യണമെന്നും സംഘടന വ്യക്തമാക്കി.