കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള ജില്ലാ സെൽ പുനഃസംഘടിപ്പിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുമായി നവംബർ 20-ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ കാസർഗോഡ് നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് സെൽ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
നാല് വർഷമായി എൻഡോസൾഫാൻ സെൽ യോഗം പോലും ചേർന്നിരുന്നില്ലെന്ന പരാതി ദുരിതബാധിതർ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് മാസത്തിലൊരിക്കൽ സെൽ യോഗം ചേരണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലയുടെ ചുമതലയുള്ള തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. കാസർഗോഡ് എം.പിയും ജില്ലയിലെ എം.എൽ.എമാരും തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമിതിയിൽ അംഗങ്ങളാണ്. കൂടാതെ, എൻഡോസൾഫാൻ സമര സമിതിയുടെ പ്രതിനിധിയായി അമ്പലത്തറ കുഞ്ഞികൃഷ്ണനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.