പനജി: 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) സുവർണമയൂരം പുരസ്കാരം സ്പാനിഷ് ചിത്രം 'അക്വി' സ്വന്തമാക്കി. തിയാഗോ ഗ്യുടെസ് സംവിധാനം ചെയ്ത ചിത്രത്തിന് 51 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. അപരിചിതമായ ഒരു ലോകത്ത് പ്രത്യേക സാഹചര്യങ്ങളാൽ അച്ഛനും അമ്മയുമായി മാറുന്ന രണ്ട് വ്യക്തികളുടെയും ഒരു കൊച്ചുകുട്ടിയുടെയും യാത്രയാണ് 'അക്വി'. ഡേവിഡ് എന്ന കുട്ടിയുടെ വളർച്ചയും അവന്റെ അവസാനിക്കാത്ത ചോദ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
'കാന്താര: എ ലെജൻഡ് ചാപ്റ്റർ 1' എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ദി മെൽറ്റ്ഡൗൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് മായ ഒ'റൂർക്കെ മികച്ച നടിയായി. 'വിസിറ്റേഷൻ' എന്ന ചിത്രത്തിലൂടെ വോൾക്കർ ശ്ലോൺഡോർഫ് മികച്ച സംവിധായകനായി. ലോറെൻസൊ ഫെറോ, ലൂക്കാസ് എൽ. വിഗ്നെൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'ദി റിവർ ട്രെയിൻ' പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
ഋഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്ത കന്നഡ ചിത്രമായ 'കാന്താര: എ ലെജൻഡ് ചാപ്റ്റർ 1'-ന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. 'ഹനുമാൻ അംശ്' എന്ന ചിത്രത്തിലൂടെ വിശാൽ ചതുർവേദി മികച്ച ഇന്ത്യൻ നവാഗത സംവിധായകനായി. ഫൈസൽ സോയ്സൽ സംവിധാനം ചെയ്ത 'റഹ്മ' ഐ.സി.എഫ്.ടി. യുനെസ്കോ ഗാന്ധി പുരസ്കാരം നേടി. 'മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി' മികച്ച വെബ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബേറെൻജർ തോയിൻ സംവിധാനം ചെയ്ത 'ദി ഗോൾഡൻ ഏജ്' നവാഗത സംവിധായകരുടെ മികച്ച ചിത്രമായി.
ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് ആരംഭിച്ച സമാപന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ, ഋഷഭ് ഷെട്ടി, ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ, എൻഎഫ്ഡിസി ചെയർമാൻ ജി. കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആന്റണി ചെൻ സംവിധാനം ചെയ്ത 'വി ആർ ഓൾ സ്ട്രേഞ്ചേഴ്സ്' ആയിരുന്നു മേളയുടെ സമാപന ചിത്രം.
57-ാമത് ഐ.എഫ്.എഫ്.ഐ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഇരട്ട നേട്ടവുമായി ഋഷഭ് ഷെട്ടി; മികച്ച നടനും ‘കാന്താര’യ്ക്ക് പ്രത്യേക ജൂറി പരാമർശവും, സുവർണമയൂരം 'അക്വി'-ക്ക്