ഷാർജ: വേൾഡ് ചാമ്പ്യൻസ് ഓഫ് ലെജൻഡ്സ് ഫൈനലിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെ 46 റൺസിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ചാമ്പ്യൻമാരായി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിംഗുമായി ക്യാപ്റ്റൻ യുവരാജ് സിംഗാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. യുവരാജിന്റെ മിന്നും അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഡേവിഡ് വാർണറുടെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യ തകർത്തത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്പ്യൻസ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. 44 പന്തിൽ 5 ഫോറും 6 കൂറ്റൻ സിക്സറുകളും അടക്കം 71 റൺസാണ് യുവരാജ് അടിച്ചുകൂട്ടിയത്. നമാൻ ഓജ (31), യൂസഫ് പഠാൻ (20 പന്തിൽ 37), റിക്കി ധവാൻ (12 പന്തിൽ 35) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് മികച്ച സംഭാവനകൾ നൽകി.
197 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയൻ നിരയെ 16.2 ഓവറിൽ 150 റൺസിന് ഇന്ത്യ എറിഞ്ഞൊതുക്കി. ഉസ്മാൻ ഖവാജ (0), ബെൻ ഡങ്ക് (6) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഡാർസി ഷോർട്ടും (28 പന്തിൽ 65) ജോ ബേൺസും (32 പന്തിൽ 45) ചേർന്ന് സ്കോർ 100 കടത്തി. എന്നാൽ ഈ കൂട്ടുകെട്ട് തകർത്തതോടെ ഓസ്ട്രേലിയൻ ബാറ്റിംഗ് നിര തകരുകയായിരുന്നു. ഇന്ത്യക്കായി ധവാൽ കുൽക്കർണി 4 വിക്കറ്റും മോഹിത് ശർമ്മ 3 വിക്കറ്റും വീഴ്ത്തി. പിയൂഷ് ചൗള രണ്ടും ഹർഭജൻ സിംഗ് ഒരു വിക്കറ്റും നേടി.
ലെജൻഡ്സ് ഫൈനൽ ;യുവരാജിന്റെ വെടിക്കെട്ട് ഇന്നിങ്സ്, ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് കിരീടത്തിൽ