സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ നീക്കം ചെയ്തു. മുൻ എം.എൽ.എയായ വി. ചെന്താമരാക്ഷനെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി പാർട്ടി നിയമിച്ചിരിക്കുന്നത്. എന്നാൽ, ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ ഒരു വനിതാ അഭിഭാഷകയുടെ പരാതിയാണെന്നാണ് പുറത്തുവരുന്ന വിവരം. അഭിഭാഷക സംഘടനയിലെ ഒരു അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ ഈ കടുത്ത നടപടി. പരാതിയുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ ഇവർ സിപിഎം നേതൃത്വത്തിന് കൈമാറിയിരുന്നു. സംസ്ഥാന നേതാക്കളോടും ജില്ലാ സെക്രട്ടറിയോടും നേരിട്ട് പരാതി ഉന്നയിച്ച ഇവർ, ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് സ്ഥാനത്തുനിന്ന് സ്വയം ഒഴിയാൻ നേതൃത്വം സുരേഷ് ബാബുവിനോട് നിർദ്ദേശിച്ചതെന്നാണ് സൂചന.
അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ തന്റെ അഭ്യർത്ഥന പ്രകാരമാണ് സ്ഥാനത്തുനിന്ന് മാറിയതെന്നാണ് ഇ.എൻ. സുരേഷ് ബാബുവിന്റെ വിശദീകരണം. തനിക്കെതിരെ യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പുതിയ സെക്രട്ടറി വി. ചെന്താമരാക്ഷനും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വന്ന ഈ അസാധാരണ നടപടി പാർട്ടിയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.