തിരുവനന്തപുരം: യാത്രയ്ക്കിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ “വിമൻ ഓൺ ദി മൂവ് & മെൻസ്ട്രുവൽ നീഡ്സ്” (Women on the Move & Menstrual Needs) പദ്ധതിക്ക് നാളെ തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകൾ, ഡിപ്പോകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ സാനിറ്ററി നാപ്കിൻ വിതരണ യന്ത്രങ്ങളും (Vending Machines) ഉപയോഗിച്ച നാപ്കിനുകൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളും (Incinerators) പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ വെച്ച് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിർവ്വഹിക്കും. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയായി പങ്കെടുക്കും.