പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ മുന്നിലുള്ളൂവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തനിക്കെതിരെ വ്യാജ കേസുകൾ ഉണ്ടാക്കി ജീവിതം തകർത്തത് പിണറായി വിജയനാണെന്നും, ജീവനോടെയിരിക്കുന്നിടത്തോളം കാലം സത്യം പുറത്തുകൊണ്ടുവരാൻ പോരാടുമെന്നും അവർ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതികളെക്കുറിച്ച് ആദ്യമായി വിളിച്ചുപറഞ്ഞത് താനാണെന്നും സ്വപ്ന വ്യക്തമാക്കി. പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങളുണ്ടെന്ന് ആരോപിച്ച സ്വപ്ന, ചികിത്സയ്ക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനുവേണ്ടിയാണെന്നും കൂട്ടിച്ചേർത്തു. ബിസിനസ് തന്ത്രങ്ങൾ മെനയാൻ പിണറായിയേക്കാൾ ശക്തയായത് ഭാര്യ കമലയാണെന്നും, അതുകൊണ്ടാണ് എല്ലാ വിദേശയാത്രകളിലും അവർ ഒപ്പം പോകുന്നതെന്നും സ്വപ്ന പറഞ്ഞു.
സ്വർണക്കടത്ത്, ഡോളർ കടത്ത്, കെ-ഫോൺ, കെ-റെയിൽ, എക്സാലോജിക് തുടങ്ങിയ എല്ലാ അഴിമതികളിലെയും പ്രവർത്തന രീതി സമാനമാണെന്ന് സ്വപ്ന ചൂണ്ടിക്കാട്ടി. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ തനിക്ക് ഫോൺ നൽകി ഭീഷണിപ്പെടുത്തി പിണറായിയുടെയും ശിവശങ്കറിന്റെയും പേര് പറയിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. അതേ രീതിയാണ് മുൻമന്ത്രി റിയാസിന്റെ സുഹൃത്തിന്റെ കാര്യത്തിലും ആവർത്തിച്ചിരിക്കുന്നത്. ഇഡി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് നൽകിയ പ്രസ്താവന പിന്നീട് പിൻവലിക്കുകയാണുണ്ടായത്. ഈ അഴിമതികൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ച സിൻഡിക്കേറ്റിനെ മുഴുവനായി ചോദ്യം ചെയ്താലേ സത്യാവസ്ഥ പുറത്തുവരൂവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ ശിവശങ്കർ തനിക്ക് നൽകിയ രേഖകളും തെളിവുകളും ശബ്ദസന്ദേശങ്ങളും പുറത്തുവിടും. നിലവിൽ കേസും 164 മൊഴിയും കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഇവയൊന്നും പുറത്തുവിടാത്തതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.