ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോൾ ലീറ്ററിന് അഞ്ച് രൂപയും ഡീസൽ ലീറ്ററിന് മൂന്ന് രൂപയുമാണ് വർദ്ധിപ്പിച്ചത്. റഷ്യൻ ക്രൂഡോയിൽ വിതരണത്തിലുണ്ടായ മാറ്റങ്ങളും അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികളും ചൂണ്ടിക്കാണിച്ചാണ് നയാരയുടെ ഈ നിർണ്ണായക തീരുമാനം.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില മാറ്റമില്ലാതെ നിലനിർത്തുമ്പോഴാണ് സ്വകാര്യ മേഖലയിലെ പ്രധാന കമ്പനിയായ നയാര വില കൂട്ടിയത്. ക്രൂഡോയിൽ വില വർദ്ധനവ് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താനാണ് വില പരിഷ്കരണമെന്ന് കമ്പനി വ്യക്തമാക്കി.
തീരുമാനം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളമുള്ള നയാരയുടെ അയ്യായിരത്തിലധികം ഇന്ധന ഔട്ട്‌ലെറ്റുകളിൽ പുതിയ നിരക്കായിരിക്കും ഈടാക്കുക. സ്വകാര്യ കമ്പനിയുടെ ഈ പെട്ടെന്നുള്ള വിലവർദ്ധനവ് മറ്റ് ഇന്ധന വിതരണക്കാരെയും സ്വാധീനിക്കുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ശക്തമാകുന്നുണ്ട്.
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി; ലീറ്ററിന് 5 രൂപ വരെ കൂട്ടി