'വയനാടിന്റെ വികസനഭാവിക്കും കാര്‍ഷിക മേഖലയ്ക്കും ഉണര്‍വേകുന്ന ബജറ്റ്'; സ്വാഗതം ചെയ്ത് കൃഷിമന്ത്രി ടി. സിദ്ദിഖ്
കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റ് വയനാട് ജില്ലയുടെ വികസനഭാവിക്ക് കൃത്യമായ ദിശപാകിയ ഒന്നാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. വയനാടിന്റെ സാധ്യതകളെ ഇത്രത്തോളം ആഴത്തില്‍ പഠിക്കാനും വികസനവഴികള്‍ കണ്ടെത്താനും നേതൃത്വം നല്‍കിയ മറ്റൊരു സാഹചര്യം ഇതിന് മുന്‍പുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണനയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്.
ഗോത്രവര്‍ഗ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ എത്രത്തോളം ചേര്‍ത്തുനിര്‍ത്തുന്നു എന്നതിന്റെ തെളിവാണ് ബജറ്റില്‍ പ്രഖ്യാപിച്ച വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനുള്ള വിപ്ലവകരമായ നടപടിയാണിത്. ഗോത്രസമൂഹത്തിന്റെ തദ്ദേശപരമായ അറിവും സംസ്‌കാരവും നിലനിര്‍ത്താനുള്ള വിശാലമായ ദിശാബോധം ബജറ്റില്‍ പ്രകടമാണെന്നും, ഈ സര്‍വകലാശാലയെ ഗോത്ര വിജ്ഞാന വിസ്ഫോടനത്തിനുള്ള ഇടമായി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കിതച്ച കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാവാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിന് കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള നടപടികള്‍ കേരളത്തിന്റെ കാര്‍ഷിക ഭാവിക്ക് ഗുണകരമാകും. കര്‍ഷകരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ബജറ്റ് കൂടിയാണിത്. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഹരിത സഖി വനിതാ കാര്‍ഷിക വികസന പദ്ധതി പ്രഖ്യാപിച്ചത്.
യു.എന്നിന്റെ വനിതാ കര്‍ഷക വര്‍ഷത്തിന്റെ ചുവടുപിടിച്ച് രൂപീകരിച്ച ഈ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള തുടര്‍ പദ്ധതിയായിട്ടാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് 3.5 കോടി രൂപ ഇതിനായി വകയിരുത്തി. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ ആവിഷ്‌കരിച്ച കതിര്‍ പദ്ധതിക്ക് 1 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയ്ക്ക് കുടുംബശ്രീ,റെസിഡന്‍സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, ഭവനങ്ങള്‍ തുടങ്ങിയവയിലേക്കും വ്യാപിപ്പിക്കും. ഭക്ഷ്യസുരക്ഷ യാഥാര്‍ത്ഥ്യമാക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്നും മന്ത്രി ടി. സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
വയനാടിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പ്രധാന പ്രഖ്യാപനങ്ങള്‍:
സുല്‍ത്താന്‍ബത്തേരി ആര്‍ട്‌സ് കോളേജ്: സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കായി 2 കോടി രൂപ വകയിരുത്തി.
റെയില്‍വേ പാത: വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മൈസൂര്‍ - നഞ്ചന്‍കോട് (നിലമ്പൂര്‍) പാത നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ക്കായി 2 കോടി രൂപ നീക്കിവെച്ചു.
റോഡുകളും അടിസ്ഥാന സൗകര്യങ്ങളും: പടിഞ്ഞാറേത്തറ - പൂഴിത്തോട് ബദല്‍ പാത, വാഴവറ്റ - എഴാംചിറ റോഡ്, പാത്തിക്കല്‍ പാലം എന്നിവയ്ക്ക് തുക വകയിരുത്തി. പൊതുമരാമത്ത് വകുപ്പിന്റെ ബജറ്റില്‍ പള്ളിക്കുന്ന് വെണ്ണിയോട് റോഡ്, കല്‍പ്പറ്റ ജില്ലാ ആസ്ഥാന ഔട്ടര്‍ റിങ് റോഡ് എന്നിവയുടെ വികസനത്തിനായി 15 കോടി രൂപയും പ്രഖ്യാപിച്ചു.
കാര്‍ഷിക-ആരോഗ്യ മേഖലകള്‍: വയനാട് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന നല്‍കി. കൂടാതെ സ്‌പൈസ് പാര്‍ക്ക്, കോഫി പാര്‍ക്ക് എന്നിവയ്ക്കുള്ള തുകയും വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.