Logo
Wed, Aug 12, 2026 • 10:55 PM
LIVE TV
Watch

No business videos available

No Middle East videos available

'ഓപ്പറേഷൻ സൗന്ദര്യ'; 10 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടി; മുന്നറിയിപ്പുമായി മന്ത്രി കെ. മുരളീധരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 12, 2026
1 min read
SHARE:
SAVE: Login to save

'ഓപ്പറേഷൻ സൗന്ദര്യ'; 10 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടി; മുന്നറിയിപ്പുമായി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനം തടയാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യിലൂടെ 10 ലക്ഷത്തോളം (9.64 ലക്ഷം) രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടിയതായി ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നാല് ഘട്ടങ്ങളിലായി നടന്ന പരിശോധനയിലാണ് കോസ്‌മെറ്റിക്സ് റൂൾസ് 2020 ലംഘിച്ച് നിർമ്മിച്ചതും വിതരണം ചെയ്തതുമായ വസ്തുക്കൾ പിടിച്ചെടുത്തത്.

വിപണിയിൽ നിന്ന് ശേഖരിച്ച ഫൈസ, ഗോറി എന്നീ ഫേസ് ക്രീമുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ (20,000 PPM വരെ) അപകടകാരിയായ മെർക്കുറി കണ്ടെത്തിയിട്ടുണ്ട്. ഫേസ് ക്രീമുകളിൽ 1 PPM മെർക്കുറി മാത്രമാണ് അനുവദനീയമായിട്ടുള്ളത്. പാകിസ്ഥാൻ നിർമ്മിതമായ ഇത്തരം ക്രീമുകൾ പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് കേരള വിപണിയിലെത്തുന്നത്. ഇത് ഗുരുതരമായ ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

ഇത് കൂടാതെ ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി. ചില ഉൽപ്പന്നങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗത്തിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യം നിലവിലുള്ളതായി ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മുഖചർമ്മം വെളുപ്പിക്കുന്നതിനുള്ള ക്രീമുകൾ ഉൾപ്പെടെയുള്ള ചില ഉൽപ്പന്നങ്ങളുടെ അമിതവും ദീർഘകാലവുമായ ഉപയോഗം സംബന്ധിച്ച് പൊതുജനാരോഗ്യപരമായ ആശങ്കകൾ നിലനിൽക്കുന്നു. അതിനാൽ, നിയമാനുസൃതമായ ലൈസൻസുകളോടെ നിർമ്മിക്കുന്നതും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമേ വിപണിയിൽ ലഭ്യമാകുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പിന് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.

ഉപഭോക്താക്കളിലും ഇത് സംബന്ധിച്ച അവബോധം അനിവാര്യമാണ്. ഇത്തരം സൗന്ദര്യ വർദ്ധക വസ്തുക്കൾ മതിയായ നിർമ്മാണ ലൈസൻസോടെ നിർമ്മിച്ചതാണോ,നിർമ്മാതാവിന്റെ പേരും പൂർണ്ണ വിലാസവും ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ, ആവശ്യമായ ലേബലിംഗ് വിവരങ്ങൾ ലഭ്യമാണോ തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കി വേണം സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങാനെന്നും അദ്ദേഹം പറഞ്ഞു.

സംശയാസ്പദമായ ഉൽപ്പന്നങ്ങളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ 1800-425-3182 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10