ഡൽഹിയിൽ അടുത്തിടെ നടന്ന രണ്ട് ക്രൂരമായ ബലാത്സംഗക്കേസുകളിൽ സുപ്രീം കോടതി സ്വമേധയാ (Suo Moto) കേസെടുത്തു. ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യവെ ബസിൽ വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും, ഡൽഹിയിലെ പൊതു പാർക്കിൽ വെച്ച് നടന്ന പീഡനത്തിലുമാണ് പരമോന്നത കോടതിയുടെ നിർണ്ണായക ഇടപെടൽ. ഈ രണ്ടു സംഭവങ്ങളും 2012-ൽ രാജ്യത്തെ നടുക്കിയ നിർഭയ സംഭവത്തിന് സമാനമായ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യതലസ്ഥാനത്ത് ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിച്ചിട്ടും അവ തടയുന്നതിൽ സുരക്ഷാ സേന പരാജയപ്പെട്ടുവെന്ന് കോടതി കടുപ്പിച്ച് കുറ്റപ്പെടുത്തി.
പൊതുസ്ഥലങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് കടുത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് കോടതി വ്യക്തമാക്കി. ബസുകളിലും പാർക്കുകളിലും ഉൾപ്പെടെ പൊതുവിടങ്ങളിൽ ആവശ്യത്തിന് നിരീക്ഷണ സംവിധാനങ്ങളോ സുരക്ഷാ ജീവനക്കാരോ ഇല്ലെന്നും, പലയിടങ്ങളിലും രാത്രികാലങ്ങളിൽ വെളിച്ചം പോലും ലഭ്യമാക്കാനുള്ള സംവിധാനങ്ങളില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം അടിസ്ഥാന സുരക്ഷാ വീഴ്ചകൾ കുറ്റകൃത്യങ്ങൾക്ക് വഴിതുറക്കുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തൽ.
'ഇരകളായ പെൺകുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, ക്രിയാത്മകമായ നടപടികളാണ് ഉടനടി ഉണ്ടാകേണ്ടതെന്നും' കോടതി ഓർമ്മിപ്പിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിലും കർശന നടപടികൾ സ്വീകരിക്കുന്നതിലും പോലീസിന് തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകളിൽ ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്.