ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്നുണ്ടായ യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചൈനയുമായി ബദല്‍ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യ. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ചൈനയുടെ വ്യോമപാത അനു അനുവദിക്കുന്ന കാര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടക്കുന്നത്.
ചൈനയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങ്ങിലെ ഹോതാനിന് മുകളിലൂടെ പുതിയ വ്യോമപാതയൊരുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു സ്ഥിരീകരിച്ചു.
2025 ഏപ്രിലിലുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തെയും അതിനെത്തുടര്‍ന്നുള്ള സൈനിക സംഘര്‍ഷങ്ങളെയും തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ 17 മാസമായി തുടരുന്ന ഈ നിയന്ത്രണം ഒക്ടോബര്‍ 24 വരെ പാകിസ്ഥാന്‍ നീട്ടിയിരുന്നു.
വിലക്ക് നിലവില്‍ വന്നതോടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അറബിക്കടല്‍ വഴി മസ്‌കറ്റ് ചുറ്റിക്കറങ്ങേണ്ടിവരുന്നുണ്ട്. ഇത് യാത്രാസമയത്തില്‍ 45 മിനിറ്റ് മുതല്‍ രണ്ടു മണിക്കൂര്‍ വരെ വര്‍ധന വരുത്തുകയും വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവും പ്രവര്‍ത്തനച്ചെലവും കുത്തനെ കൂട്ടുകയും ചെയ്തു. ചൈനീസ് വ്യോമപാത ലഭ്യമാകുന്നതോടെ ഈ പ്രതിസന്ധിക്ക് വലിയൊരളവ് ആശ്വാസമാകുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ; റിപ്പോര്‍ട്ട്