തിരുവനന്തപുരം: പ്രക്ഷേപണ രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജയ്ഹിന്ദ് ടിവി ഡിജിറ്റല്‍ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. വാര്‍ത്തകളും മറ്റ് പരിപാടികളും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായി തയ്യാറാക്കിയ പുതിയ 24x7 മൊബൈല്‍ ആപ്ലിക്കേഷന്റെയും പുതുക്കിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 30 ബുധനാഴ്ച വൈകുന്നേരം 6:30-ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വെച്ച് നടക്കും.
കെ.പി.സി.സി പ്രസിഡന്റും വൈദ്യുത വകുപ്പ് മന്ത്രിയുമായ ശ്രീ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന്‍ പുതിയ 24x7 ന്യൂസ് മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്യും. ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല പുനരാവിഷ്‌കരിച്ച പുതിയ വെബ്സൈറ്റ് ഡിജിറ്റല്‍ ലോകത്തിന് സമര്‍പ്പിക്കും. കൂടാതെ, ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി 20 വര്‍ഷം പിന്നിടുന്ന ആഴ്ചപ്പതിപ്പ് പരമ്പരയായ 'മിഡില്‍ ഈസ്റ്റ് ദിസ് വീക്ക്' (Middle East This Week) പരിപാടിയുടെ 1000-ാം എപ്പിസോഡിന്റെ കൗണ്ട്ഡൗണ്‍ ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് നിര്‍വ്വഹിക്കും.
ജയ്ഹിന്ദ് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് ശ്രീ. സണ്ണിക്കുട്ടി എബ്രഹാം സ്വാഗതപ്രസംഗവും, ചെയര്‍മാന്‍ ശ്രീ. അനിയന്‍കുട്ടി ആമുഖ പ്രസംഗവും നടത്തും. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മന്ത്രിമാരായ കെ. മുരളീധരന്‍, എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോണ്‍ എന്നിവര്‍ക്കൊപ്പം ജയ്ഹിന്ദ് ടിവി ഡയറക്ടര്‍ എം.എം. ഹസന്‍, മാനേജിംഗ് ഡയറക്ടര്‍ പന്തളം സുധാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തും.
വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും നാളെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രകാശനം ചെയ്യും