ന്യൂഡൽഹി: സത്യ നികേതനിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന ബഹുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ കേന്ദ്ര-ഡൽഹി സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തരവാദിത്തങ്ങളിൽ നിന്ന് ബി.ജെ.പി സർക്കാർ ഒളിച്ചോടുകയാണെന്നും അപകടങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവരെ പ്രധാനമന്ത്രി അധിക്ഷേപിക്കുകയാണെന്നും രാഹുൽ ഗാന്ധി 'എക്‌സിൽ' കുറിച്ചു. ഏഴ് പേരുടെ ജീവനെടുത്ത ദുരന്തത്തിൽ 'ട്രിപ്പിൾ എഞ്ചിൻ' ഭരണമുണ്ടായിട്ടും ദുരന്തങ്ങൾ തടയാൻ കഴിയാത്തതിന് ബി.ജെ.പിക്ക് എന്താണ് ഒഴികഴിവ് എന്നും അദ്ദേഹം ചോദിച്ചു.
ദുരന്തങ്ങൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ, അപകടം നടന്ന ശേഷം നാടകീയ പ്രഖ്യാപനങ്ങൾ നടത്തുകയാണ് ബി.ജെ.പി സർക്കാരിന്റെ രീതി. യഥാർത്ഥ കുറ്റക്കാരെ രക്ഷപെടുത്തി താഴെത്തട്ടിലുള്ള ചില ചെറിയ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി കേസ് അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അധിക്ഷേപിക്കാനും നിശബ്ദരാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സത്യ നികേതനിലെ സംഭവം ഒറ്റപ്പെട്ട ദുരന്തമല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യ നികേതനിലാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്ന ബഹുനില കെട്ടിടം തകർന്നു വീണ് വൻ ദുരന്തമുണ്ടായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെട്ടിടം ഉടമയ്‌ക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയ്ക്കും ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.