'ജാനകിയമ്മ ഇനി ഓര്‍മ്മകളിലെ മായാത്ത ഗാനം':കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം; അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
മൈസൂരു: ആറു പതിറ്റാണ്ടുകാലം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗാനകോകിലം എസ്. ജാനകി (88) നിത്യതയില്‍ അലിഞ്ഞു. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. ജാനകിയമ്മയുടെ പേരക്കുട്ടി അപ്‌സര അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പ്രിയ ഗായികയ്ക്ക് വിടചൊല്ലാന്‍ പ്രശസ്ത ഗായിക കെ.എസ്. ചിത്ര ഉള്‍പ്പെടെ സംഗീത-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും ആയിരക്കണക്കിന് ആരാധകരും സാക്ഷിയായി.
മൈസൂരു ബൊഗാദിയിലെ വീട്ടില്‍ വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയമ്മ വൈകീട്ടോടെയാണ് അന്തരിച്ചത്. ഏകമകന്‍ മുരളീകൃഷ്ണ ഈ വര്‍ഷം ജനുവരിയില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പേരക്കുട്ടി അപ്‌സരയുടെ കൂടെ മൈസൂരുവിലായിരുന്നു താമസം. ഉമയാണ് മരുമകള്‍.
ഭാഷകളുടെ അതിരുകള്‍ മായ്ച്ച ആലാപനം
1938 ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജാനകി ജനിച്ചത്. മൂന്നാം വയസ്സില്‍ പാടിത്തുടങ്ങിയ അവര്‍ പത്താം വയസ്സുവരെ മാത്രമാണ് ഔദ്യോഗികമായി സംഗീതം പഠിച്ചത്. സ്വന്തമെന്ന് ഓരോ ഭാഷക്കാര്‍ക്കും തോന്നുന്ന വിധത്തിലുള്ള ആലാപന ശൈലിയായിരുന്നു ജാനകിയമ്മയുടേത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി തുടങ്ങി 17 ഇന്ത്യന്‍ ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. ഇതിന് പുറമെ സിംഹള, ഇംഗ്ലീഷ്, ജര്‍മ്മന്‍, ജാപ്പനീസ് ഭാഷകളിലും അവര്‍ ശബ്ദം നല്‍കി. തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്കായി പാട്ടുകളെഴുതുകയും സംഗീതസംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
'വിധിയിന്‍ വിളയാട്ട്' എന്ന പുറത്തിറങ്ങാത്ത തമിഴ് ചിത്രത്തിലായിരുന്നു ആദ്യ ഗാനമെങ്കിലും 'എം.എല്‍.എ.' എന്ന തെലുങ്ക് ചിത്രത്തിലെ 'നീ ആശ ആദിയാശ' എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ ജനഹൃദയങ്ങളിലേക്ക് എത്തിയത്. 1957-ല്‍ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍...' എന്ന ഗാനത്തിലൂടെയാണ് മലയാളത്തില്‍ തുടക്കം കുറിച്ചത്. 1997-ല്‍ ഭര്‍ത്താവ് വി. രാമപ്രസാദിന്റെ മരണശേഷം സിനിമാ രംഗത്ത് സജീവമല്ലാതായ അവര്‍ 2016-ല്‍ സംഗീത ജീവിതത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു.
പുരസ്‌കാരങ്ങളുടെ തമ്പുരാട്ടി
നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ജാനകിയമ്മയെ തേടിയെത്തി.
1977-ല്‍ 'സിന്ദൂരപ്പൂവേ...' (പതിനാറു വയതിനിലേ - തമിഴ്)
1981-ല്‍ 'ഏറ്റുമാനൂരമ്പലത്തില്‍...' (ഓപ്പോള്‍ - മലയാളം)
1984-ല്‍ 'വെന്നല്ലോ ഗോദാരി ആനന്ദം...' (സിതാര - തെലുങ്ക്)
1992-ല്‍ 'ഇഞ്ചി ഇടിപ്പഴകാ...' (തേവര്‍മകന്‍ - തമിഴ്)
മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം 11 തവണയും, തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം 7 തവണയും, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം 10 തവണയും ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ 'കലൈമാമണി' പുരസ്‌കാരം (1986), 'സുര്‍ സിങ്ങര്‍' അവാര്‍ഡ് (1987), സ്വരലയ യേശുദാസ് അവാര്‍ഡ് (2005) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2013-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചെങ്കിലും വൈകിയ വേളയില്‍ ലഭിച്ച പുരസ്‌കാരമായതിനാല്‍ അത് നിരസിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.