'ഇങ്ങനെ പോയാല്‍ അടുത്ത തവണ ഒറ്റ സീറ്റ് കിട്ടില്ല'; ഭീഷണിപ്പെടുത്തിയവരെ ജനങ്ങള്‍ കൈകാര്യം ചെയ്തു കഴിഞ്ഞെന്ന് ജില്ലാ സെക്രട്ടറിക്ക് ജി.സുധാകരന്റെ മറുപടി
തന്നെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന് കടുത്ത ഭാഷയിൽ മറുപടി നൽകി ജി. സുധാകരൻ എംഎൽഎ. തന്നെ ഭീഷണിപ്പെടുത്തിയ നാസറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ തയ്യാറാകണമോ എന്ന് സുധാകരൻ ചോദിച്ചു. തനിക്ക് നേരെ ഇനി ആര് വിരൽ ചൂണ്ടിയാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആർ. നാസറിനായിരിക്കുമെന്നും ആലപ്പുഴയിൽ സിപിഎം തകർച്ചയുടെ പാതയിലാണെന്നും അദ്ദേഹം തുറന്നടിച്ചു.
തനിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ ആർ. നാസറിനെതിരെ പൊലീസ് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ജി. സുധാകരൻ ചോദിച്ചു. "എന്നെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ ജില്ലാ സെക്രട്ടറിയെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടതല്ലേ?" എന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇനി തനിക്ക് നേരെ ആരെങ്കിലും വിരൽ ചൂണ്ടുകയോ അപായപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്താൽ അതിന്റെ ഒന്നാം പ്രതി ആർ. നാസർ ആയിരിക്കും. തന്നെ കൈകാര്യം ചെയ്യാൻ ആഹ്വാനം നൽകിയ നാസറിന് രാജ്യത്തെ നിയമങ്ങളെക്കുറിച്ച് വല്ല ധാരണയുമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. തന്നെ തകർക്കാൻ നോക്കിയവരെ അമ്പലപ്പുഴയിലെ ജനങ്ങൾ ഇതിനകം തന്നെ കൈകാര്യം ചെയ്തു കഴിഞ്ഞതായും അദ്ദേഹം പരിഹസിച്ചു.
ആലപ്പുഴ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. വിവിധ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനുണ്ടായ വോട്ട് ചോർച്ചയും പരാജയങ്ങളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ബൗദ്ധികമായ കഴിവോ രാഷ്ട്രീയ ക്ഷമതയോ നിലവിലെ ജില്ലാ സെക്രട്ടറിക്കോ അദ്ദേഹത്തോടൊപ്പമുള്ള മറ്റ് നേതാക്കൾക്കോ ഇല്ല. പാർട്ടിയുടെ ദയനീയമായ ഈ അവസ്ഥ മനസ്സിലാക്കാതെയാണ് നേതൃത്വം തനിക്കെതിരെ തിരിയുന്നതെന്നും, ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ സിപിഎമ്മിന് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ലെന്നും സുധാകരൻ പ്രവചിച്ചു.
താൻ എംഎൽഎ ആയിരുന്ന കാലത്ത് ആലപ്പുഴയിലും അമ്പലപ്പുഴയിലുമായി നടത്തിയ വിപുലമായ വികസന പ്രവർത്തനങ്ങളുടെ കരുത്തിലാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് വിജയിക്കാൻ കഴിഞ്ഞതെന്ന് ജി. സുധാകരൻ അവകാശപ്പെട്ടു. ജനങ്ങൾ വോട്ട് ചെയ്തത് താൻ ജനങ്ങൾക്കായി ചെയ്ത വികസനങ്ങളെ കണ്ടിട്ടാണ്. ആ യാഥാർത്ഥ്യം മറന്നുകൊണ്ടാണ് പാർട്ടി വിട്ട ശേഷവും തന്നെ വേട്ടയാടാൻ നോക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.