"വേദനകൾക്കിടയിലും പാട്ടിലൂടെ അവർ മികവ് തെളിയിച്ചു, അവർ ആർക്കും പിന്നിലായിരുന്നില്ല;" സ്വരമിടറി ഇളയരാജ
ചെന്നൈ: വിഖ്യാത ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സംഗീത സംവിധായകൻ ഇളയരാജ. ഇന്ത്യൻ സംഗീതരംഗത്ത് സമാനതകളില്ലാത്ത പ്രതിഭയായിരുന്നു ജാനകിയമ്മയെന്നും, അവർ മറ്റാരേക്കാളും മുന്നിലായിരുന്നുവെന്നും ഇളയരാജ അനുസ്മരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അതീവ വികാരാധീനനായാണ് അദ്ദേഹം തന്റെ ഓർമ്മകൾ പങ്കുവെച്ചത്.
തന്റെ കരിയറിലുടനീളം ഓരോ ഗാനവും ഏറ്റവും മികച്ചതാക്കാൻ ജാനകിയമ്മ നടത്തിയ പരിശ്രമങ്ങൾ അവരെ ഒരു യഥാർത്ഥ പ്രതിഭയാക്കി മാറ്റിയെന്ന് ഇളയരാജ പറഞ്ഞു. തന്റെ കഴിവിനെ ഓരോ ഘട്ടത്തിലും മിനുക്കിയെടുക്കാൻ അവർ കാണിച്ച ആവേശം സമാനതകളില്ലാത്തതായിരുന്നു.
"വ്യക്തിജീവിതത്തിൽ നിരവധി ദുഃഖങ്ങളും സഹിക്കാനാവാത്ത വേദന നിറഞ്ഞ സംഭവങ്ങളും അവർ അനുഭവിച്ചു. ലോകമെമ്പാടുമുള്ള നിരവധി വലിയ സംഗീത പ്രതിഭകളുടെയും വ്യക്തിജീവിതങ്ങൾ പലപ്പോഴും വളരെ ദുഃഖകരമായിരുന്നു. ജാനകിയമ്മയും ഒരുപാട് സഹിച്ചു. എന്നാൽ ആ വേദനകൾക്കിടയിലും ഓരോ ഗാനത്തിലൂടെയും അവർ വീണ്ടും വീണ്ടും മികവ് തെളിയിച്ചു. അവർ മറ്റാർക്കും പിന്നിലായിരുന്നില്ല. അവരുടെ കഠിനാധ്വാനം എന്റെ കഠിനാധ്വാനത്തിന് തുല്യമായിരുന്നു, ഒരുപക്ഷേ അതിലും വലുതായിരുന്നു," ഇളയരാജ വിതുമ്പലോടെ ഓർത്തെടുത്തു.
സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ഗംഭീര മെലഡികളാണ് ഇളയരാജ-എസ്.ജാനകി കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. ആ ആത്മബന്ധത്തിന്റെ ഓർമ്മകളാണ് പ്രിയ ഗായികയുടെ വേർപാടിൽ ഇളയരാജ പങ്കുവെച്ചത്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.