പുന്നമടയിൽ ഇനി വേഴാമ്പൽ തുഴയും; 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം കെസി വേണുഗോപാല്‍ എംപി പ്രകാശനം ചെയ്തു
ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ' വള്ളം തുഴയുന്ന വേഴാമ്പൽ' കെ. സി. വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു.
അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ആലപ്പുഴയെ അടയാളപ്പെടുത്തുന്ന കായിക വിനോദമാണ് വള്ളംകളിയെന്ന് കെ. സി. വേണുഗോപാൽ എം.പി പറഞ്ഞു. കുട്ടനാടിന്റെ കാർഷിക, കായിക മേഖലകളുടെ കരുത്ത് തെളിയിക്കുന്ന വിനോദമാണിത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ലോകോത്തര നിലവാരത്തിലേക്ക് വള്ളംകളിയെ ഉയർത്തിക്കൊണ്ടുവരാനും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ഉറപ്പാക്കാനുമുള്ള കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി എം. ലിജു ചലച്ചിത്രതാരം ഭാമയെ ചടങ്ങിൽ ആദരിച്ചു."കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ... കൊട്ടുവേണം കുഴല്‍ വേണം കുരവവേണം..." എന്ന പ്രശസ്തമായ വഞ്ചിപ്പാട്ട് പാടിയാണ് ഭാമ ഭാഗ്യചിഹ്ന പ്രകാശന ചടങ്ങ് ചേതോഹരമാക്കിയത്. കേരളത്തിന്റെ അഭിമാനവും മുഖമുദ്രയുമാണ് വള്ളംകളിയെന്ന് ഭാമ പറഞ്ഞു. ഓരോ വള്ളംകളി തുഴച്ചിൽക്കാരും വലിയൊരു സന്ദേശമാണ് നൽകുന്നത്.അതിർവരുമ്പുകൾകൾ ഇല്ലാതെ ഒറ്റക്കെട്ടായി നിന്നാൽ ഏതു പ്രശ്നത്തെയും മറികടന്ന് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് വള്ളംകളി നമ്മെ ഓർമ്മപ്പെടുത്തുന്നതായി ഭാമ പറഞ്ഞു.
72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന നിർണയവുമായി ബന്ധപ്പെട്ട് 148 എൻട്രികളാണ് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്.
ആലപ്പുഴ കളപ്പുര സർക്കാർ അതിഥി മന്ദിരത്തിൽ പബ്ലിസിറ്റി കമ്മറ്റി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ. ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.