മല്ലികാർജ്ജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപം: പ്രതിഷേധം ഇരമ്പുന്നു; ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
അതേസമയം, ഖാർഗെയുടെ പരാതി ബി.ജെ.പിയും പരിശോധിച്ചുവരികയാണ്. ആരോപണം നേരിടുന്ന ശ്രീരാമസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി വ്യക്തമാക്കി. സാംസ്കാരിക, ആദ്ധ്യാത്മിക പരിപാടികൾക്ക് മാത്രം ഉപയോഗിക്കാറുള്ള വേദിയിൽ രാഷ്ട്രീയ പരിപാടി നടത്തിയതുകൊണ്ടാണ് ശുദ്ധീകരണം നടത്തിയത് എന്നാണ് ശ്രീരാമസേന നൽകുന്ന വിശദീകരണം.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം ഖാർഗെയുടെ പരാതി വലിയ ബഹളത്തിനാണ് വഴിവെച്ചത്. കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് റാലി കഴിഞ്ഞ് താൻ മടങ്ങിയതിന് പിന്നാലെ ബി.ജെ.പി - സംഘപരിവാർ പ്രവർത്തകർ വേദി ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചതായി ഖാർഗെ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. താൻ ദളിതനായതുകൊണ്ടാണ് ഇത്തരമൊരു അപമാനം നേരിടേണ്ടി വന്നതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും തുടരുകയാണെന്നും വളരെ വൈകാരികമായി അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.