"ദലിതനായതുകൊണ്ട് പ്രസംഗിച്ച വേദി ബിജെപി ശുദ്ധീകരിച്ചു": രാജ്യസഭയിൽ ഗുരുതര ആരോപണവുമായി മല്ലികാർജുൻ ഖർഗെ
താൻ പ്രസംഗിച്ച വേദി ബിജെപി പ്രവർത്തകർ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന റാലിക്ക് ശേഷമാണ് ബിജെപി പ്രവർത്തകർ വേദി ശുദ്ധീകരിച്ചത്. താൻ ദലിതനായതുകൊണ്ടാണ് ഇത്തരം ഒരു പ്രവൃത്തി ഉണ്ടായതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്നും ഖർഗെ രാജ്യസഭയിൽ വ്യക്തമാക്കി. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ജനാധിപത്യ സംവിധാനത്തിന് ചേരാത്ത ഈ പ്രവൃത്തി ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇതൊരു രാഷ്ട്രീയ വിഷയമാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഖർഗെ, താൻ പട്ടികജാതിക്കാരനും ദലിതനുമാണെങ്കിലും തന്നെ സംരക്ഷിക്കാനോ സഹായിക്കാനോ ആരോടും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒറ്റയ്ക്ക് പോരാടാനുള്ള ശക്തിയുണ്ടെന്നും സഭയിൽ പറഞ്ഞു. എന്നാൽ തൊട്ടുകൂടായ്മ വച്ചുപുലർത്തി ശുദ്ധികലശം നടത്തി തന്നെ അപമാനിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തൊട്ടുകൂടായ്മയെന്ന സംസ്കാരം ബിജെപിക്കില്ലെന്ന് മറുപടി നൽകിയ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, വിഷയം വളരെ ഗൗരവത്തോടെ കണ്ട് അന്വേഷിക്കുമെന്നും ഉറപ്പുനൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.