ഗുരുവായൂരിൽ 8 മണിക്കൂർ 37 മിനിറ്റ് ക്യൂ നിന്നു; സുപ്രീം കോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എട്ട് മണിക്കൂറും 37 മിനിറ്റും ക്യൂവിൽ നിന്നിട്ടുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ. ക്ഷേത്രത്തിലെ ഇല്ലംനിറയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരവിന്ദ് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ എപ്പോഴാണ് ഇത്രയും സമയം ക്യൂ നിന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ചൊവ്വാഴ്ച നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ നമസ്‌കാര മണ്ഡപത്തിൽ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരവിന്ദ് കുമാർ തന്റെ ദർശനാനുഭവം പങ്കുവച്ചത്.
നമസ്‌കാര മണ്ഡപത്തിൽ നടത്തിവന്നിരുന്ന ഇല്ലംനിറ പൂജ ഗുരുവായൂർ ദേവസ്വം ബോർഡ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയതിനെതിരെയാണ് പുഴക്കര ചേന്നാസ് ഇല്ലത്തെ ചില അംഗങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ, പ്രഥമദൃഷ്ട്യാ ഹർജിക്കാരുടെ ആവശ്യത്തോട് യോജിക്കുന്നതായി അഭിപ്രായപ്പെട്ടു.
അതേസമയം, വിഷയത്തിൽ വിശദമായ വാദം തിങ്കളാഴ്ച കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ചേന്നാസ് കുടുംബത്തിനുവേണ്ടി സീനിയർ അഭിഭാഷകരായ ഗുരു കൃഷ്ണ കുമാർ, കെ. പരമേശ്വർ, അഭിഭാഷകൻ എ. കാർത്തിക് എന്നിവർ ഹാജരായി. ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിക്കുവേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ എം.ആർ. അഭിലാഷും ഹാജരായി. ദേവസ്വം ബോർഡിനുവേണ്ടി അഭിഭാഷകൻ ജിഷ്ണു എം.എൽ. കോടതിയിൽ ഹാജരായി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.