സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. കേരള ഗോള്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്ന് രാവിലെ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില എത്തിനില്‍ക്കുന്നത്. പുതിയ നിരക്ക് പ്രകാരം ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 1,05,440 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണ വിപണിയില്‍ അഭൂതപൂര്‍വ്വമായ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലത്തെ വില വര്‍ദ്ധനവിന് പിന്നാലെ ഇന്നലെ വൈകീട്ട് വീണ്ടും ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വര്‍ദ്ധിച്ചിരുന്നു. ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ ഇന്നലെ രാവിലത്തെ വിലയില്‍ നിന്ന് മാത്രം ഒരൊറ്റ ദിവസം കൊണ്ട് 2200 രൂപയുടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇറാന്‍-യു.എസ് യുദ്ധവിരാമത്തിനു ശേഷം സ്വര്‍ണത്തിന് വന്‍ വില വര്‍ധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും യു.എസിലെ പണപ്പെരുപ്പമാണ് വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്. പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ കുറച്ചില്ല. തുടര്‍ന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് ആവുകയും സ്വര്‍ണ വില ഇടിയുകയുമായിരുന്നു.
സ്വര്‍ണവില ദിനംപ്രതി റോക്കറ്റ് പോലെ കുതിച്ചുയരുന്നതും തൊട്ടടുത്ത ദിവസം നേരിയ തോതില്‍ കുറയുന്നതുമായ ഈ അസ്ഥിരത ആഭരണപ്രേമികളെയും സാധാരണക്കാരായ ഉപയോക്താക്കളെയും കനത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ വിലക്കയറ്റം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് 2200 രൂപ, ഇന്നത്തെ പുതിയ നിരക്കുകള്‍ അറിയാം