കൊല്ലത്ത് കോടിയേരിയുടെ ഫ്ലക്സ് എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞതിന് പിന്നാലെ അവിടെ കോടിയേരിക്ക് പുതിയ ഫ്ലെക്‌സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്. പിന്നാലെ കോടിയേരിക്ക് ലാൽ സലാമെന്ന് അഭിവാദ്യം വിളിക്കുകയും ചെയ്തു. ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്‍റെ ഭാഗമായി കൊല്ലം ചിന്നക്കടയിലേക്കുള്ള പ്രകടനത്തിനിടയിലാണ് എസ്.എഫ്.ഐ നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറി നശിപ്പിച്ചത്.
ഫ്ലക്സ് കീറുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നത് വിഡിയോയിൽ കേള്‍ക്കാം. സ്വന്തം പാർട്ടിയുടെ സമുന്നത നേതാവിന്‍റെ ഫ്ലക്സ് തന്നെ പ്രവർത്തകൻ തകർത്തത് ശ്രദ്ധയിൽ പെട്ടയുടൻ കൂടെയുണ്ടായിരുന്ന മറ്റ് എസ്.എഫ്.ഐ നേതാക്കൾ ഇയാളെ പിടിച്ചുമാറ്റുകയും പിന്നീട് ആ ഫ്ലക്സ് അവിടെ നിന്നും എടുത്തുമാറ്റുകയും ചെയ്തു. അതേസമയം, സ്വന്തം നേതാവിനെ തിരിച്ചറിയാത്ത എസ്.എഫ്.ഐയുടെ ഈ നടപടിയെ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.