തിരുവനന്തപുരം: കണ്ണൂരിൽ വച്ച് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിന് നേരെ സി.പി.എം നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് മന്ത്രി സണ്ണി ജോസഫ്. മന്ത്രിയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും അകമ്പടി പോയ പോലീസിന്റെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. യൂണിവേഴ്സിറ്റി കോളേജ് കാലങ്ങളായി എസ്.എഫ്.ഐ ക്രിമിനലുകളുടെ കേദാരമാണ്. മുന്‍പ് സ്വന്തം പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത് വരെ ഉണ്ടായതിനെ തുടര്‍ന്നാണ് കോളേജിലെ യൂണിറ്റ് പിരിച്ചുവിടാന്‍ സി.പി.എം നേതൃത്വം നിര്‍ബന്ധിതമായത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിന് പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും ബി.ജെ.പിക്കുമെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുമ്പോള്‍ സി.പി.എം എന്തിനാണ് പ്രകോപിതരാകുന്നതെന്നും സണ്ണി ജോസഫ് ചോദിച്ചു.
തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒരേപോലെ അക്രമ രാഷ്ട്രീയമാണ് പിന്തുടരുന്നത്. ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്താല്‍ ശക്തമായ നിയമനടപടി ഉണ്ടാകും. കോണ്‍ഗ്രസ് നേതാക്കളെയും മന്ത്രിമാരെയും തെരുവില്‍ കൈകാര്യം ചെയ്യാമെന്ന് കരുതേണ്ടെന്നും അതിനെ രാഷ്ട്രീയമായി ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.