തിരുത്തൽ പ്രക്രിയയുടെ ഭാഗമായി സി.പി.എമ്മിന്റെ തിരുവനന്തപുരം, എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം. കടുത്ത വിഭാഗീയത നിലനിൽക്കുന്ന തിരുവനന്തപുരത്ത്, പരാജയത്തിന്റെ ഉത്തരവാദിത്തം മുൻനിർത്തി വലിയ അഴിച്ചുപണി വേണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ജില്ലാ സെക്രട്ടറി വി. ജോയിയെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ യോഗത്തിലുണ്ടാകും. രണ്ടുദിവസത്തെ യോഗത്തിൽ ചൂടേറിയ ചർച്ചകൾ നടക്കുമെങ്കിലും സംഘടനാപരമായ കാരണങ്ങളാൽ ജോയ് തന്നെ ജില്ലാ സെക്രട്ടറിയായി തൽക്കാലം തുടർന്നേക്കും.
വി. ജോയിയുടെ കാലയളവിൽ ഉണ്ടായ സംഘടനാ വീഴ്ചകളും മുതിർന്ന നേതാക്കളെ ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പരാജയവുമാണ് വിമർശകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിലെ വിഭാഗീയത പുതിയ രൂപം പ്രാപിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളായ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും കൈകോർത്താണ് ജോയിയെ മാറ്റാനുള്ള നീക്കങ്ങൾ നടത്തുന്നത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ വി. ജോയിക്കുണ്ട്. എതിർപ്പുകൾ ശക്തമാണെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിൽ യുവ പ്രാതിനിധ്യം ഉൾപ്പെടുത്തി പുനഃസംഘടന പൂർത്തിയാക്കാനാണ് സാധ്യത.
അതേസമയം, ഇന്നും നാളെയുമായി തൃപ്പൂണിത്തുറയിൽ നടക്കുന്ന എറണാകുളം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കെതിരെയും ജില്ലയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നേക്കാം. കോതമംഗലത്തു നിന്നുള്ള അനധികൃത സ്വത്ത് സമ്പാദന പരാതിയും തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയ തർക്കവും യോഗത്തിൽ വലിയ ചർച്ചയാകും. തുടർന്ന് ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടറിയേറ്റിലേക്കും പുതിയ മുഖങ്ങൾ എത്തിയേക്കും.