'വര്‍ഗ്ഗവഞ്ചകന്‍, ഈ രീതി തുടര്‍ന്നാല്‍ കൈകാര്യം ചെയ്യും'; ജി. സുധാകരനെതിരെ വധഭീഷണിയുമായി ജില്ലാ സെക്രട്ടറി
മുൻ സിപിഎം കരുത്തനും മുൻ മന്ത്രിയുമായ ജി. സുധാകരനും സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വവും തമ്മിലുള്ള രാഷ്ട്രീയ പോര് അത്യന്തം വഷളാകുന്നു. പൊതുവേദികളിൽ പാർട്ടിയെയും നിലവിലെ നേതാക്കളെയും സുധാകരൻ നിരന്തരം കടന്നാക്രമിക്കുന്നതിൽ പ്രകോപിതരായി സിപിഎം ഔദ്യോഗിക നേതൃത്വം പരസ്യമായ വധഭീഷണിയുമായി രംഗത്തെത്തി. സുധാകരന്റെ ശൈലി അവസാനിപ്പിച്ചില്ലെങ്കിൽ 'കൈകാര്യം ചെയ്യുമെന്ന' കടുത്ത മുന്നറിയിപ്പാണ് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ നൽകിയിരിക്കുന്നത്.
സിപിഎമ്മിനെയും അതിന്റെ നിലവിലെ നേതൃത്വത്തെയും പൊതുമധ്യത്തിൽ അപമാനിക്കുന്നത് ജി. സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഭീഷണി മുഴക്കി. സുധാകരൻ വെറുമൊരു 'വർഗ്ഗവഞ്ചകൻ' മാത്രമാണെന്നും എന്തു തോന്ന്യാസവും കാണിക്കാമെന്ന സുധാകരന്റെ ശൈലി ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ ജനങ്ങൾ തെരുവിൽ കൈകാര്യം ചെയ്യുമെന്നും അതിനുശേഷം പറഞ്ഞിട്ട് കാര്യമില്ലെന്നും നാസർ കൂട്ടിച്ചേർത്തു. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി. സുധാകരന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ച നീർക്കുന്നം ഗവ. യുപി സ്കൂളിലെ തർക്കമാണ് പുതിയ തെരുവ് യുദ്ധത്തിന് വഴിതുറന്നത്. സ്കൂളിൽ നടന്ന അനധികൃത മണൽ കടത്തൽ തടയാനെത്തിയ ജി. സുധാകരനും സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ കയ്യാങ്കളിയുണ്ടായിരുന്നു. തുടർന്ന് സുധാകരനെ തടയാൻ ശ്രമിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗവും സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാനുമായ പ്രശാന്ത് എസ്. കുട്ടി, രണ്ട് അധ്യാപകർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മണൽക്കടത്ത് മാഫിയയെ സംരക്ഷിക്കുന്ന പാർട്ടി നിലപാടിനെ സുധാകരൻ ചോദ്യം ചെയ്തതും നേതാക്കൾക്കെതിരെ കേസ വന്നതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
പാർട്ടി വിട്ട സുധാകരന് പൊതുജീവിതത്തിൽ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലെന്ന് യോഗത്തിൽ സംസാരിച്ച എച്ച്. സലാം എംഎൽഎ ആരോപിച്ചു. പൊതുവേദികളിൽ പാർട്ടിയെയും നേതാക്കളെയും അപമാനിക്കുന്നത് തുടർന്നാൽ അതേ വേദിയിൽ വെച്ച് മറുപടി നൽകാൻ പാർട്ടി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നിട്ടും മനസ്സിലായില്ലെങ്കിൽ പിന്നീട് 'മനസ്സിലാക്കിക്കൊടുക്കുമെന്നും' സലാം ഭീഷണിപ്പെടുത്തി. ഇതിനുപുറമെ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ധനസമാഹരണത്തിൽ സുധാകരൻ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിപ്പ് നടത്തിയെന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് കണക്കുകൾ ബോധ്യപ്പെടുത്താൻ അദ്ദേഹം സുധാകരനെ വെല്ലുവിളിക്കുകയും ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.