സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്, ശനിയാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്.
നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.