കണ്ണൂരിൽ വെച്ച് മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) റിപ്പോർട്ട് സമർപ്പിച്ചു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും, സംഭവം മന്ത്രിയും ഗൺമാനും പെരുപ്പിച്ചു കാണിച്ചതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിഷേധവുമായി എത്തിയ കെ.എസ്.യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും സാധിച്ചിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് വീണാ ജോർജിന്റെ ഗൺമാനെതിരെ നടപടിയെടുക്കുന്നത് ഡി.ജി.പിയുടെ വിവേചനാധികാരത്തിന് വിടാമെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംഭവത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. മന്ത്രിയെ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു ഗൺമാൻ ആദ്യം നൽകിയ മൊഴിയെങ്കിലും, പിന്നീട് എസ്.ഐ.ടിയോട് മൊഴി മാറ്റുകയായിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് അത്തരം മൊഴി നൽകിയതെന്നുമാണ് ഗൺമാൻ വെളിപ്പെടുത്തിയത്.
കേസിൽ കണ്ണൂർ ടൗൺ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ദീപ്തിയുടെ മൊഴിയും നിർണ്ണായകമായി മാറിയിട്ടുണ്ട്. തന്റെ പേരിൽ ആദ്യം നൽകിയത് വ്യാജ മൊഴിയാണെന്നും മന്ത്രിയെ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നുമാണ് ദീപ്തി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
മന്ത്രിയായിരിക്കെ ഫെബ്രുവരി 25-നാണ് കണ്ണൂരിൽ വെച്ച് വീണാ ജോർജിന് നേരെ പ്രതിഷേധമുണ്ടായത്. സംഭവത്തിന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമാണ് മന്ത്രിയെ രാത്രി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അവിടെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ട്. വീണാ ജോർജിന് പുറത്തുകാണാവുന്ന വിധത്തിൽ യാതൊരുവിധ പരിക്കുകളും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാനും സംഭവം പെരുപ്പിച്ച് കാണിച്ചു': റിപ്പോർട്ട് സമർപ്പിച്ച് SIT