മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പിണറായി വിജയന്റെ വിമർശനങ്ങൾക്കു മറുപടിയുമായി മന്ത്രി റോജി എം. ജോൺ . മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും ജനാധിപത്യത്തിന്റെ ഭാഷ മാത്രമേ തനിക്ക് വശമുള്ളൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുമ്പ് പ്രതിഷേധക്കാരോട് പിണറായി വിജയൻ സ്വീകരിച്ച നിലപാടുകളെയും പ്രതികരണങ്ങളെയും രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് റോജി എം. ജോണിന്റെ മറുപടി. 'കടക്ക് പുറത്ത്' എന്ന് പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടി ഓടിക്കുകയോ, ചെടിച്ചട്ടിയും ഹെൽമറ്റും നൽകി രക്ഷാപ്രവർത്തനം നടത്തുകയോ, കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കേർപ്പെടുത്തുകയോ ചെയ്യാത്തതാണ് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റെന്ന് അദ്ദേഹം പരിഹസിച്ചു. ജനാധിപത്യരീതിയിൽ മാത്രം പ്രതികരിക്കുന്നതാണ് തന്റെ കുറവെങ്കിൽ അത് അങ്ങനെ തന്നെ തുടരട്ടെയെന്നും റോജി കൂട്ടിച്ചേർത്തു.
കോളേജിൽ വെച്ച് മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ എസ്.എഫ്.ഐ. പ്രവർത്തക നഫീസത്തുൽ മിസ്രിയയ്ക്കെതിരെ സൈബറാക്രമണം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പിണറായി വിജയൻ ആദ്യം രംഗത്തെത്തിയത്. കോൺഗ്രസ്- ലീഗ് അണികൾ നടത്തുന്ന സൈബറാക്രമണവും പോലീസിന്റെ നടപടികളും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് റോജി എം. ജോൺ എം.എൽ.എ ശക്തമായ മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപടിയുമായി റോജി എം. ജോൺ