മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവിയിൽ നിന്ന് രാജിവെച്ചേ മതിയാകൂ എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് മാറാതെ നിർവാഹമില്ലെന്നും, കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവിൽ സുരക്ഷിതമായി കഴിയാമെന്ന് കരുതേണ്ടതില്ലെന്നും, ഇന്നോ നാളെയോ ജനങ്ങളുടെ മുൻപിൽ നേരിട്ട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റ് വഴികളെല്ലാം അടഞ്ഞതിനാലാണ് പ്രതിപക്ഷം ഒന്നടങ്കം അദ്ദേഹത്തിനെതിരെയുള്ള ഇംപീച്ച്‌മെന്റ് ചർച്ചയ്ക്കായി ഒരുമിച്ചുകൂടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
2024-ൽ വോട്ട് രേഖപ്പെടുത്തിയ 130 മില്യൺ ആളുകളെയാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇവർ നിയമവിരുദ്ധ വോട്ടർമാരായിരുന്നോ എന്ന് രാഹുൽ ഗാന്ധി ചോദ്യമുയർത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ 250 പ്രതിപക്ഷ എം.പിമാർ ഒന്നിച്ചുകൂടിയ അസാധാരണ ചടങ്ങിലാണ് സി.ഇ.സിക്കെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടപടികൾ നടന്നത്. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുണ്ടായ കാരണങ്ങൾ മല്ലികാർജുൻ ഖാർഗെ വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിടാൻ പ്രതിപക്ഷത്തിന് നന്നായി അറിയാമെന്നും എന്നാൽ ഭരണകൂടത്തിന്റെ ആയുധമായി എക്കാലവും കഴിയാൻ തെരഞ്ഞെടുപ്പ് കമ്മീഷനാവില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇത് രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പരിശുദ്ധ പോരാട്ടമാണ്. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചാലും ഭരണഘടനാ സ്ഥാപനങ്ങളെ കൈവശം വെച്ചാലും ഒടുവിൽ ജനങ്ങളുടെ ശബ്ദം കേൾക്കേണ്ടി വരും. ഇന്ത്യയുടെ ആത്മാവിനെയാണ് അധികാരികൾ ആക്രമിക്കുന്നത്. ജനാധിപത്യ അട്ടിമറിക്ക് കൂട്ടുനിന്നവരുടെ നാശത്തിനാണ് ഈ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, സി.ഇ.സി ഗ്യാനേഷ് കുമാർ നിയമപരമായ വിചാരണ നേരിടണമെന്ന കാര്യത്തിൽ പ്രതിപക്ഷം പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി. പ്രതികൂല സാഹചര്യത്തിലും പ്രതിപക്ഷം അതിശക്തമായ നീക്കമാണ് നടത്തിയതെന്നും ജനങ്ങളുടെ അവകാശങ്ങൾ ഏതുവിധേനയും സംരക്ഷിക്കപ്പെടണമെന്നും ചടങ്ങിൽ സ്പീക്കറായി ഇരുന്ന മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ വ്യക്തമാക്കി. തുടർന്ന് ദേശീയ ഗാനാലാപനത്തോടെയാണ് ഇംപീച്ച്‌മെന്റ് നടപടികൾ അവസാനിച്ചത്.
'തെളിവുകൾ പുറത്തുവരുമ്പോൾ രാജി വെക്കേണ്ടി വരും'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി