കൊയിലാണ്ടി @ 2040 വിഷന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. നഗരത്തിന്റെ ചരിത്രവും പൈതൃകവും വികസന കാഴ്ചപ്പാടുകളും ശുചിത്വ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയുള്ള പ്രദര്‍ശനം 'ഓര്‍മ്മകളില്‍ നിന്ന് നാളെയിലേക്ക്' എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പഴയകാല കൊയിലാണ്ടിയുടെ ഓര്‍മകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം നഗരത്തിന്റെ ഭാവി വികസനത്തിനായുള്ള പദ്ധതികളും ആശയങ്ങളും കോണ്‍ക്ലേവിന്റെ സ്റ്റാളുകളിലൂടെ അവതരിപ്പിക്കുന്നു. നഗരസഭയുടെ പൈതൃക മ്യൂസിയത്തില്‍ നിന്നുള്ള പഴയകാല വസ്തുക്കളാണ് 'പൈതൃക കൊയിലാണ്ടി' സ്റ്റാളിലെ പ്രധാന ആകര്‍ഷണം. മലബാര്‍ ഹുക്കയും പായ്ക്കപ്പലിന്റെ മാതൃകയും കൊയിലാണ്ടിയുടെ പഴയകാല ജീവിതരീതികളുടെയും സമുദ്രവ്യാപാര പാരമ്പര്യത്തിന്റെയും ഓര്‍മകളിലേക്കും സന്ദര്‍ശകരെ നയിക്കുന്നു.
പൊതുജനങ്ങള്‍ക്കായി നടത്തുന്ന കോണ്‍ ക്ലേവ് കക്ഷി രാഷ്ട്രീയ ഭേദമന്യ എല്ലാവരും ഏറ്റെടുത്തതായി കൊയിലാണ്ടി എം എല്‍ എ പ്രവീണ്‍കുമാര്‍ പറഞ്ഞു. പന്തലായനിയുടെ പരമ്പരാഗത കൈത്തറി പാരമ്പര്യം പരിചയപ്പെടുത്തുന്ന തറിയുടെ മിനിയേച്ചര്‍ മാതൃകയും പ്രദര്‍ശനത്തിലുണ്ട്. നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ഓര്‍മകളും പൊതുജനങ്ങളില്‍നിന്ന് ശേഖരിക്കുന്നതിനും 2040-ലെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
നഗരസഭയുടെ ആരോഗ്യവിഭാഗം ഒരുക്കിയ സ്റ്റാളില്‍ ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മാലിന്യം ഉറവിടത്തില്‍ത്തന്നെ തരംതിരിക്കേണ്ടതിന്റെ ആവശ്യകത, നാല് ബിന്‍ സംവിധാനം, ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ 2026-ലെ നിര്‍ദേശങ്ങള്‍ എന്നിവ പസില്‍, പാമ്പും കോണിയും തുടങ്ങിയ കളികളിലൂടെ ലളിതമായി പരിചയപ്പെടുത്തുന്നു
നഗരത്തിന്റെ ചരിത്രവും പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ഭാവി വികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും ശുചിത്വബോധം വളര്‍ത്താനും ലക്ഷ്യമിടുന്ന നഗരസഭയുടെ പ്രവര്‍ത്തനങ്ങളാണ് പ്രദര്‍ശനത്തിലൂടെ ശ്രദ്ധേയമാകുന്നത്.