കേരള നിയമസഭയെ നാണംകെടുത്തിയ കയ്യാങ്കളി കേസിന്റെ വിചാരണ സംഭവത്തിന് 11 വർഷത്തിനു ശേഷം നവംബർ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുക. കേസിന്റെ വിചാരണ തടയാനായി പ്രതിഭാഗം സുപ്രീംകോടതി വരെ സമീപിച്ചിരുന്നെങ്കിലും, കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി വിചാരണ നേരിടാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. സർക്കാരിനു വേണ്ടി അഡ്വ. സന്തോഷ് കുമാറാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരാകുന്നത്.
കേസിലെ ഒന്നാം സാക്ഷിയും അന്നത്തെ നിയമസഭാ സെക്രട്ടറിയുമായിരുന്ന ശാർങ്ഗധരനെയാണ് കോടതി ആദ്യം വിസ്തരിക്കുന്നത്. കൂടാതെ സഭയിലെ അക്രമദൃശ്യങ്ങൾ പകർത്തിയ വ്യക്തി, ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഡിവിആർ പരിശോധിച്ച എൻജിനീയർ എന്നിവരെയും തുടർന്നുള്ള ദിവസങ്ങളിൽ വിസ്തരിക്കും.
2015 മാർച്ച് 13-ന് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ എൽഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചുകയറി കസേര, കമ്പ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നതാണ് പ്രതികൾക്കെതിരെയുള്ള പ്രധാന കേസ്.
മുൻമന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ കെ. അജിത് പിന്നീട് സി.പി.ഐയിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സർക്കാർ നൽകിയ അപ്പീൽ 2021 ജൂലൈയിലാണ് സുപ്രീംകോടതി തള്ളിയത്.