തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കന്യാകുമാരി മേഖലയിൽ നിന്നും തമിഴ്‌നാടിനും കേരളത്തിനും കുറുകെ കർണാടക വരെ നീളുന്ന ന്യൂനമർദ പാത്തി നിലനിൽക്കുന്നതാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഇന്നും നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
അതേസമയം, തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. കിഴക്കേകോട്ടയിൽ വെറും അരമണിക്കൂറിനുള്ളിൽ 68 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് തമ്പാനൂർ ഉൾപ്പെടെയുള്ള നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, തലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ട്