മെൽബൺ: ഒരു പന്ത് പോലും നേരിടാനാകാതെ പുറത്തായി ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോൾ വെസ്റ്റിൻഡീസ് താരം ഡിയാൻഡ്ര ഡോട്ടിൻ ലോകക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ‘ഫ്രീ ബോളിലൂടെ’ ടൈംഡ് ഔട്ടാകുന്ന താരമെന്ന അപൂർവ റെക്കോർഡാണ് ഡോട്ടിനെ തേടിയെത്തിയത്. ബുധനാഴ്ച മെൽബൺ റെനഗേഡ്സും ബ്രിസ്ബേൻ ഹീറ്റും തമ്മിൽ നടന്ന വനിതാ ബിഗ് ബാഷ് ലീഗ് (WBBL) മത്സരത്തിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്.
2021-22 സീസണിൽ ബിഗ് ബാഷ് അധികൃതർ കൊണ്ടുവന്ന നിയമപ്രകാരമായിരുന്നു ഈ പുറത്താകൽ. ഒരു വിക്കറ്റ് വീണതിന് ശേഷം പുതിയതായി ക്രീസിലെത്തുന്ന ബാറ്റർ അടുത്ത പന്ത് നേരിടാൻ 75 സെക്കൻഡിൽ കൂടുതൽ സമയമെടുത്താൽ, ആ താരം വൈകിയതായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ ബാറ്റർക്ക് പന്ത് നേരിടാൻ അവസരം നൽകാതെ, ബോളർക്ക് സ്റ്റംപിലേക്ക് നേരിട്ട് പന്തെറിയാൻ അവസരം നൽകുന്നതാണ് ‘ഫ്രീ ബോൾ’ നിയമം.
ഈ സമയത്ത് ബാറ്റർ സ്റ്റംപിൽ നിന്ന് അഞ്ച് മീറ്റർ അകലെ മാറിനിൽക്കണം. ബോളർ എറിയുന്ന പന്ത് സ്റ്റംപിൽ കൊണ്ടാൽ ബാറ്റർ പുറത്താകും. ബുധനാഴ്ചത്തെ മത്സരത്തിൽ മെൽബൺ റെനഗേഡ്സിനായി ആറാമതായി ബാറ്റിങ്ങിനിറങ്ങിയ ഡോട്ടിൻ ക്രീസിലെത്തി തയ്യാറാകാൻ 75 സെക്കൻഡിലധികം സമയമെടുത്തു. ഇത് ശ്രദ്ധയിൽപ്പെട്ട അംപയർമാർ പരസ്പരം ചർച്ച ചെയ്ത ശേഷം ക്രീസിൽ നിന്ന് മാറിനിൽക്കാൻ ഡോട്ടിനോട് നിർദേശിക്കുകയായിരുന്നു.
തുടർന്ന് ബ്രിസ്ബേൻ ഹീറ്റ് ബോളർ സാറ ഗ്ലെൻ സ്റ്റംപിലേക്ക് പന്തെറിയുകയും പന്ത് വിക്കറ്റിൽ തട്ടി ഡോട്ടിൻ പുറത്താകുകയും ചെയ്തു. സ്കോർകാർഡിൽ ഡോട്ടിൻ ഒരു പന്ത് നേരിട്ടതായും സാറ ഗ്ലെന്റെ പന്തിൽ ബോൾഡായതായുമാണ് രേഖപ്പെടുത്തിയത്.
പുതിയ നിയമം നിലവിൽ വന്ന ശേഷം പുരുഷ-വനിത ബിഗ് ബാഷ് ലീഗുകളുടെ ചരിത്രത്തിലാദ്യമായാണ് ഒരു താരം ഈ രീതിയിൽ പുറത്താകുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 'ടൈംഡ് ഔട്ട്' നിയമമുണ്ടെങ്കിലും ഫ്രീ ബോൾ വ്യവസ്ഥ നിലവിലില്ല. എന്നാൽ, ഈ അപൂർവ പുറത്താകൽ മെൽബൺ റെനഗേഡ്സിന്റെ വിജയത്തെ ബാധിച്ചില്ല. 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റെനഗേഡ്സ് അവസാന പന്തിൽ ആവേശജയം സ്വന്തമാക്കി.
ക്രിക്കറ്റ് ചരിത്രത്തിലാദ്യം 'ഫ്രീ ബോളിലൂടെ' ടൈംഡ് ഔട്ടായി ഡിയാൻഡ്ര ഡോട്ടിൻ; ബിഗ് ബാഷ് ലീഗിൽ അപൂർവ പുറത്താകൽ