കോഴിക്കോട്: ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം ഊർജിതമാക്കി എക്സൈസ്. കേസിൽ ആന്റോയുടെ ഭാര്യാപിതാവായ കാടയിൽതട്ടിൽ ജോസിന്റെ മൊഴി എക്സൈസ് രേഖപ്പെടുത്തി. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ലില്ലിയുടെ ഭർത്താവാണ് ജോസ്. മീനങ്ങാടി എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി നടത്തിയ മൊഴിയെടുക്കൽ ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു.
അനധികൃത മദ്യശേഖരം പിടിച്ചെടുത്ത വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം. ഭാര്യാമാതാവ് ലില്ലി ജോസ് ലേലത്തിൽ പിടിച്ചെടുത്തതാണ് ഈ വീടെന്നും ആന്റോ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ലില്ലിയുടെ മൊഴിയും എക്സൈസ് രേഖപ്പെടുത്തിയിരുന്നു. വീട് ലേലത്തിൽ പിടിച്ചതാണെങ്കിലും രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല എന്നായിരുന്നു ലില്ലിയുടെ വിശദീകരണം.
ലില്ലിയുടെ മൊഴിക്ക് പിന്നാലെയാണ് ഭർത്താവ് ജോസിനെയും വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജോസിൽ നിന്നും പ്രധാനമായും ശേഖരിച്ചത്. മൊഴിയെടുക്കൽ നടപടികൾ പൂർത്തിയാക്കി കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് എക്സൈസ് നീക്കം.
ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ