തിരുവനന്തപുരം: ആദ്യ രോഗിയായി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി എത്തിയ ചരിത്രമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടേത്. 1951 നവംബർ 27ന് ജവാഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളജ് 75 വർഷം പൂർത്തിയാക്കുകയാണ്. 1954 ഫെബ്രുവരി 8ന് ആശുപത്രിയുടെ ഉദ്ഘാടന വേളയിലായിരുന്നു നെഹ്റു ആദ്യ രോഗിയായത്.
പുറംസംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളിൽ ലഭിച്ചിരുന്ന പരിമിതമായ സീറ്റുകൾ കേരളത്തിലെ ജനസംഖ്യയ്ക്ക് അപര്യാപ്തമായിരുന്നുവെന്നും, 5,000 പേർക്ക് ഒരു ഡോക്ടർ എന്ന ലക്ഷ്യം കൈവരിക്കാൻ മെഡിക്കൽ കോളജ് അനിവാര്യമാണെന്നും 1951ലെ ഉദ്ഘാടന വേളയിൽ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ വ്യക്തമാക്കിയിരുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി സൂപ്രണ്ട് ഡോ. സി.ഒ. കരുണാകരന്റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളജിനായുള്ള നീക്കങ്ങൾ ശക്തമായത്. 1948 ഫെബ്രുവരിയിൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ ഡോ. കുപ്പുസ്വാമി കൺവീനറായി ഏഴംഗ സമിതി രൂപീകരിച്ചു. തുടർന്ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ 50 ലക്ഷം രൂപ അനുവദിക്കാൻ ഉറപ്പുനൽകുകയും, ഡോ. കേശവൻ നായരും ഡോ. കരുണാകരനും രാജ്യത്തെ പ്രമുഖ ക്യാംപസുകൾ സന്ദർശിച്ച് പദ്ധതി തയ്യാറാക്കുകയും ചെയ്തു.
1950 ജനുവരി 26ന് രാജപ്രമുഖൻ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ തറക്കല്ലിട്ട തിരു-കൊച്ചി മെഡിക്കൽ കോളജ്, 1951 നവംബർ 27നാണ് ജവാഹർലാൽ നെഹ്റു നാടിന് സമർപ്പിച്ചത്. അലക്സാണ്ടർ ഫ്ലെമിങ്, ഡോ. വാട്സൺ തുടങ്ങിയ പ്രശസ്തരും ഈ ക്യാംപസ് സന്ദർശിച്ചിട്ടുണ്ട്.
1954 ഫെബ്രുവരി 8ന് ആശുപത്രി ഉദ്ഘാടനത്തിനെത്തിയ നെഹ്റു കഴുത്തിലെ പൂമാലകൾ ജനക്കൂട്ടത്തിന് നേരെ എറിയുന്നതിനിടെ, ഗേറ്റിൽ തങ്ങിനിന്ന മാല എടുക്കാൻ ശ്രമിക്കവേ കൈ ഗേറ്റിൽ തട്ടി ചെറുതായി മുറിഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ഒപി ചീട്ടെഴുതി, മുറിവ് ഡ്രസ് ചെയ്ത് കുത്തിവയ്പ് നൽകി. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആദ്യ രോഗിയായി നെഹ്റു മാറിയത്. തിരക്കിട്ട പര്യടനത്തെക്കുറിച്ച് മുഖ്യമന്ത്രി എ.ജെ. ജോൺ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചപ്പോൾ, ഇങ്ങനെ അധികദിവസം തുടർന്നാൽ ആശുപത്രിക്ക് ഒരു രോഗിയെക്കൂടി ലഭിച്ചേക്കാമെന്ന് നെഹ്റു നർമം കലർത്തി മറുപടി നൽകുകയും ചെയ്തു.
പൈതൃക മന്ദിരം, എസ്എടി, മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ, ഗവ. ഡെന്റൽ കോളജ് എന്നിവയിലായി ഏകദേശം 4,000 കിടക്കകളുള്ള വലിയ ചികിത്സാ കേന്ദ്രമായി ഇന്ന് മെഡിക്കൽ കോളജ് വളർന്നു. 40 ആൺകുട്ടികളും 20 പെൺകുട്ടികളുമായി തുടങ്ങിയ ആദ്യ ബാച്ചിനും, 400 കിടക്കകളും 6 ഓപ്പറേഷൻ തീയറ്ററുകളുമുണ്ടായിരുന്ന ആദ്യകാല ആശുപത്രി സൗകര്യങ്ങൾക്കും ശേഷമാണ് ഈ വളർച്ച..
തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു