ശബരിമല: പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ആഗോള അയ്യപ്പസംഗമം കഴിഞ്ഞ് ഒരു വർഷവും രണ്ടുമാസവും പിന്നിട്ടിട്ടും വരവുചെലവ് കണക്ക് ഹാജരാക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംഗമം വഴി ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. പരിപാടിക്കായി സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ ഒരു രൂപ പോലും കൈപ്പറ്റരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നു. ഈ നിർദേശം ലംഘിച്ചതും കണക്കുകളിലെ പൊരുത്തക്കേടുകളുമാണ് വരവുചെലവ് കണക്ക് സമർപ്പിക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് വിവരം.
സംഗമത്തിന് എട്ടുകോടി രൂപ ചെലവ് വരുമെന്നായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ തുക മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ കഴിഞ്ഞോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
സംഗമം നടന്ന് 45 ദിവസത്തിനകം വരവുചെലവ് കണക്കിന്റെ ഓഡിറ്റ് റിപ്പോർട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർക്ക് കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. 2025 നവംബർ ഏഴിന് ഈ കാലാവധി അവസാനിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചില്ലെന്ന് കമ്മിഷണർ അന്നുതന്നെ കോടതിയെ അറിയിച്ചു. തുടർന്ന് 45 ദിവസം കൂടി അധികസമയം വേണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം അനുവദിച്ച കോടതി, ഇനി സമയം നീട്ടി നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ അനുവദിച്ച അധികസമയവും കഴിഞ്ഞ് ഒരു വർഷത്തിലേറെയായിട്ടും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡിനായിട്ടില്ല. ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ബോർഡ് ഇതുവരെ കൈമാറിയിട്ടില്ലെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ രണ്ടുതവണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇനി കോടതിയാണ് തുടർനടപടി തീരുമാനിക്കേണ്ടതെന്നും ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ വ്യക്തമാക്കി.
പിണറായി സർക്കാരിന്റെ കാലത്തെ ആഗോള അയ്യപ്പസംഗമം ; ഹൈക്കോടതി നിർദേശിച്ചിട്ടും കണക്ക് നൽകാതെ ദേവസ്വം ബോർഡ്,നഷ്ടം 3.4 കോടി