അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ കുട്ടപ്പനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍. സ്മരണകളിരമ്പുന്ന കുറിപ്പിലൂടെയാണ് അദ്ദേഹം ഡോ. എം.എ കുട്ടപ്പന്‍റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് മുതലിങ്ങോട്ടുള്ള സംഭവങ്ങള്‍ പങ്കുവെച്ചത്. അവിചാരിതമായി വഴിമാറിയൊഴുകിയ ഒരുപുഴ പോലെയായിരുന്നു ഡോ. എം.എ കുട്ടപ്പനെന്ന് പന്തളം സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം:
അവിചാരിതമായി, വഴിമാറിയൊഴുകിയ ഒരു പുഴ പോലെയാണ് ഡോ. എം എ കുട്ടപ്പൻ!
എൺപതുകളിൽ, എംഎ ജോണിന്‍റെ ശിഷ്യനായി യുക്തിവാദിയായ ആക്ടിവിസ്റ്റായി നടന്ന യുവഡോക്ടറെ
ലീഡർ കെ കരുണാകരന് എം.എ ജോൺ പരിചയപ്പെടുത്തി.
യുവാക്കളെ മുന്നിലേക്കുകൊണ്ടുവന്നു പോരാടുന്നതിൽ പ്രത്യേകം മനസുവെച്ചിരുന്ന ലീഡർക്ക് കുട്ടപ്പനെ നന്നായി ബോധിച്ചു. ഉശിരൻ തന്‍റേടി, അങ്ങനെ കോൺഗ്രസ്കുടുംബത്തിലേക്കു ലീഡർ ഡോ. കുട്ടപ്പനെ കൈപിടിച്ചിരുത്തി.
ടിപ്പിക്കൽ ഡോക്ടർമാരുടെ ഇറുകിയ ഷർട്ടും പാൻസും മാറ്റി ഖദറിടാൻ ഉപദേശിച്ചു. തനിക്കു ഖദർ സ്റ്റോർ അറിയില്ലെന്നു പറഞ്ഞപ്പോൾ ലീഡറുടെ അടുത്തുനിന്ന ഞങ്ങളെ (ജി കാർത്തികേയൻ, ചെന്നിത്തല, പന്തളം) നോക്കി പറഞ്ഞു
ഇവർ കാട്ടിത്തരുമെന്ന്... ഒടുവിൽ കുട്ടപ്പനൊപ്പം വഴികാട്ടിയായതു ഞാനും!
ഡോക്ർ മനസില്ലാമനസ്സോടെ ഖദർധാരിയായി...
ഇന്ദിരാ കോൺഗ്രസിന്‍റെ എംൽഎ ആയി, കോൺഗ്രസ് നേതാവായി, മന്ത്രിയായി, ഒപ്പം മികച്ച ഡോക്ടറുമായി കോൺഗ്രസ് തറവാട്ടിലെ തന്‍റേടിയായ നേതാവുമായി ഉയർന്നു.
മനസുനിറയെ ഡോ. അംബേദ്കറോടുള്ള ആരാധനയായിരുന്നു.
സഹപ്രവർത്തകരിൽ ചിലർ ജൂനിയർ അംബേദ്കറെന്ന് അടക്കം പറഞ്ഞ് സംതൃപ്തി അടയാറുമുണ്ടായിരുന്നു?
ഇടയ്ക്ക് ലീഡറോടും പിണങ്ങിയെങ്കിലും സഹപാഠിയായ ഡോ. വേണുഗോപാലിന്‍റെ ഇടപെടലിൽ മടങ്ങിവന്നിരുന്നു
പിന്നെയും…
എന്നും ഏതുവേദികളിലും പാർശ്വവത്ക്കരിപ്പെടുന്നവർക്കുവേണ്ടി ശബ്ദിക്കുന്ന ഡോ. കുട്ടപ്പൻ പാവങ്ങളുടെ പ്രിയങ്കരനും നേതാക്കളുടെ കണ്ണിലെ കരടുമായിരുന്നു.
മികച്ച ഭിഷഗ്വരനായി, സത്യസന്ധനായ അംബേദ്കറിസ്റ്റായി, അഭിമാനമുള്ള കോൺഗ്രസുകാരനായി നമ്മോടൊപ്പം തലയുയർത്തി നടന്ന ധീരനായ പ്രിയ സുഹൃത്ത് ഡോ. എംഎ കുട്ടപ്പന് പ്രണാമം🙏