ദീപാവലിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാകുന്നു. വ്യാഴാഴ്ച ഡല്‍ഹിയുടെ മൊത്തത്തിലുള്ള എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (AQI) 368 ആയി രേഖപ്പെടുത്തി. ഇത് 'വളരെ മോശം' (very poor) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. തലസ്ഥാനത്തെ കുറഞ്ഞത് 18 നിരീക്ഷണ കേന്ദ്രങ്ങളില്‍ മലിനീകരണം 'ഗുരുതരമായ' നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ജഹാംഗീര്‍പുരിയിലാണ് ഏറ്റവും ഉയര്‍ന്ന മലിനീകരണം രേഖപ്പെടുത്തിയത് (AQI 459). നൗറോജി നഗര്‍ റിംഗ് റോഡ് (416), എയിംസ് പ്രദേശം (402) എന്നിവിടങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്. ഐഐടി ഡല്‍ഹി (447), പഞ്ചാബി ബാഗ് (446), അലിപൂര്‍ (437), വിവേക് വിഹാര്‍ (434), ആര്‍.കെ. പുരം (416) എന്നിവിടങ്ങളിലും ഉയര്‍ന്ന അളവില്‍ മലിനീകരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യ ഗേറ്റില്‍ AQI 399 ആണ്. ആനന്ദ് വിഹാറില്‍ ഇത് താരതമ്യേന മെച്ചപ്പെട്ട നിലയിലാണ് (AQI 296 - 'മോശം' വിഭാഗം). ബുധനാഴ്ച ഡല്‍ഹിയുടെ AQI 377 ആയിരുന്നു. കഴിഞ്ഞ ജനുവരി 20-ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്ന് 22 കേന്ദ്രങ്ങളില്‍ മലിനീകരണം ഗുരുതരമായ അവസ്ഥയിലായിരുന്നു.
ദീപാവലി ദിവസങ്ങളില്‍ കാറ്റിന്റെ ദിശയില്‍ വരുന്ന മാറ്റങ്ങള്‍ താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാമെങ്കിലും, ദീപാവലിക്കു ശേഷമുള്ള ദിവസങ്ങളില്‍ കാറ്റിന്റെ വേഗത കുറയുകയും അന്തരീക്ഷത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. നവംബര്‍ 7 വരെ മിതമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 8-ന്റെ രാത്രിയോടെ കിഴക്കന്‍ കാറ്റ് വീശിത്തുടങ്ങുമെന്നും ഇത് ദീപാവലി ദിവസം മലിനീകരണ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
എന്നാല്‍ നവംബര്‍ 9 മുതല്‍ ഈ കാറ്റിന്റെ വേഗത വീണ്ടും കുറയുകയും, അത് AQI വീണ്ടും ഉയരാന്‍ കാരണമാവുകയും ചെയ്യും. കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലപ്രകാരം നവംബര്‍ 6, 7 തീയതികളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 10-20 കിലോമീറ്ററായി വര്‍ദ്ധിച്ചേക്കാം. ഇത് ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പുകമഞ്ഞ് കുറയ്ക്കാന്‍ സഹായിച്ചേക്കുമെങ്കിലും, നവംബര്‍ 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ പടിഞ്ഞാറന്‍ അസ്വസ്ഥതകള്‍ മൂലം കാറ്റിന്റെ വേഗത വീണ്ടും കുറയാന്‍ സാധ്യതയുണ്ട്. ഡല്‍ഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് വൈക്കോല്‍ കത്തിക്കലാണ്. ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ മലിനീകരണത്തില്‍ വൈക്കോല്‍ കത്തിക്കലിന്റെ പങ്ക് 20.2 ശതമാനമാണ്. വാഹനങ്ങളില്‍ നിന്നുള്ള പുക 15.5 ശതമാനവും സംഭാവന ചെയ്യുന്നു.
കൂടാതെ വ്യാവസായിക യൂണിറ്റുകള്‍ (2.9%), വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ (3.8%), നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (2.2%), മാലിന്യങ്ങള്‍ കത്തിക്കല്‍ (1.3%), റോഡിലെ പൊടിപടലങ്ങള്‍ (1.1%) എന്നിവയും മലിനീകരണം വര്‍ദ്ധിപ്പിക്കുന്നു. അയല്‍ ജില്ലകളായ ഗാസിയാബാദ് (7%), റോത്തക് (3.8%), ഗുരുഗ്രാം (2.7%), സോണിപത് (2.2%) തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള പുകയും തലസ്ഥാനത്തെ ബാധിക്കുന്നുണ്ട്. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP) നടപടികള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.
ദീപാവലിക്ക് മുന്‍പ് ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; 18 കേന്ദ്രങ്ങളില്‍ വായു ഗുണനിലവാരം 'ഗുരുതരം', എയിംസ് പരിധിയില്‍ 402