എഐ രംഗത്തെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെയും ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ഗൂഗിള്‍ ജീവനക്കാര്‍ക്ക് സ്വമേധയാ കമ്പനി വിട്ടുപോരാനുള്ള പാക്കേജ് പ്രഖ്യാപിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളിലെ ജീവനക്കാര്‍ക്കാണ് ഈ പദ്ധതി ബാധകമാക്കിയിരിക്കുന്നത്.
ജൂണ്‍ മാസത്തിലാണ് ഗൂഗിള്‍ ഈ രാജ്യങ്ങളിലേക്ക് വോളണ്ടറി എക്‌സിറ്റ് ഓഫര്‍ വ്യാപിപ്പിച്ചത്. 2025-ന്റെ തുടക്കത്തില്‍ ചില ടീമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലും ഈ ഓഫര്‍ ലഭ്യമാക്കിയിട്ടില്ല. എഐ ഗവേഷണ വിഭാഗമായ 'ഡീപ് മൈന്‍ഡ്', 'ഗൂഗിള്‍ ക്ലൗഡ്' എന്നിവയെ ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ മേഖലകളില്‍ കമ്പനി പുതിയ നിയമനങ്ങള്‍ തുടരുകയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ പദ്ധതിയുടെ പ്രത്യാഘാതം ഇതിനോടകം പ്രകടമായിട്ടുണ്ട്. ജൂണില്‍ ഓഫര്‍ ലഭിച്ച ജീവനക്കാരില്‍ പലരും ആഗസ്റ്റ് മാസത്തോടെ കമ്പനി വിട്ടു. സുറിച്ചിലെ പ്രധാന എന്‍ജിനീയറിങ് സെന്റര്‍ ഉള്‍പ്പെടെയുള്ള ഇവിടെ ഏകദേശം 5,000 ജീവനക്കാരുണ്ട്. ഒരു വര്‍ഷത്തെ സേവനത്തിന് ഒരു മാസം എന്ന കണക്കില്‍ പരമാവധി 12 മാസത്തെ ശമ്പളമാണ് സെവറന്‍സ് പാക്കേജായി നല്‍കുന്നത്. 50 പേരുള്ള ഒരു ടീമില്‍ നിന്ന് കുറഞ്ഞത് നാല് പേരെങ്കിലും ഈ ഓഫര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എഐയുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റ് മുന്‍നിര ടെക് കമ്പനികളും സമാനമായ രീതികള്‍ സ്വീകരിക്കുന്നുണ്ട്. യു.എസ്, കാനഡ, ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളിലായി ഏകദേശം 60,000 ജീവനക്കാരെ ഉള്‍പ്പെടുത്തി മൈക്രോസോഫ്റ്റും വോളണ്ടറി ബെയൗട്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലെവല്‍ 70-ല്‍ താഴെയുള്ള ജീവനക്കാര്‍ക്കാണ് ഇതിന് അര്‍ഹതയുള്ളത്. ഇത് കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 27 ശതമാനത്തോളം വരും. ഈ ഓഫര്‍ സ്വീകരിക്കുന്നവര്‍ ഡിസംബര്‍ അവസാനത്തോടെ കമ്പനി വിടും.
എഐ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ഡാറ്റാ സെന്ററുകളിലും കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചറുകളിലും കോടിക്കണക്കിന് ഡോളറാണ് മൈക്രോസോഫ്റ്റ് നിക്ഷേപിക്കുന്നത്. ഇതിന്റെ ഭാഗമായി ഏപ്രിലില്‍ വോളണ്ടറി റിട്ടയര്‍മെന്റ് പ്രോഗ്രാമും ജൂലൈയില്‍ 4,800 ജീവനക്കാരെ ബാധിച്ച തൊഴില്‍ വെട്ടിക്കുറയ്ക്കലും കമ്പനി നടപ്പിലാക്കിയിരുന്നു.
ചെലവ് ചുരുക്കി എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗൂഗിള്‍; അഞ്ച് രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് സ്വമേധയാ പിരിയാന്‍ അവസരം