ന്യൂഡൽഹി: ഇന്ത്യയിലെയും യു.എസിലെയും വിദ്യാർഥികൾക്കായി ഗൂഗിളിന്റെ ‘ജെമിനി നോട്ട്ബുക്കിൽ’ (NotebookLM) നൂറുകണക്കിന് പാഠപുസ്തകങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നു. ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ എസ്. ചന്ദ് പബ്ലിഷിങ് (S. Chand Publishing), ഓപ്പൺസ്റ്റാക്സ് (OpenStax), ഓപ്പൺ ടെക്സ്റ്റ്ബുക്ക് ലൈബ്രറി എന്നിവയിൽ നിന്നുള്ള പുസ്തകങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് പഠനം കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നൽകുന്ന ഉത്തരങ്ങൾ പുസ്തകത്തിലെ ഏത് ഭാഗത്തുനിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന ലിങ്കുകളും സൈറ്റേഷനുകളും പുതിയ ഫീച്ചറിലൂടെ ലഭ്യമാകും. ഇതുവഴി നൽകിയിരിക്കുന്ന വിവരങ്ങളുടെ കൃത്യത വിദ്യാർഥികൾക്ക് എളുപ്പത്തിൽ പരിശോധിക്കാനാകും. കൂടാതെ, പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗത സ്റ്റഡി ഗൈഡുകൾ, പരിശീലന ക്വിസുകൾ, ഫ്ലാഷ് കാർഡുകൾ എന്നിവയും നോട്ട്ബുക്കിൽ സ്വയം തയാറാക്കാം. പുസ്തകങ്ങൾ വേറെ ഡൗൺലോഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഇത് എങ്ങനെ ഉപയോഗിക്കാം?
.ജെമിനി നോട്ട്ബുക്ക് തുറന്ന് പുതിയതോ നിലവിലുള്ളതോ ആയ ഒരു നോട്ട്ബുക്ക് തിരഞ്ഞെടുക്കുക.
.'Add sources' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
.ലഭ്യമായ വിഭാഗങ്ങളിൽനിന്ന് 'Textbooks' തിരഞ്ഞെടുക്കുക.
.കാണുന്ന ലിസ്റ്റിൽനിന്ന് ആവശ്യമുള്ള പാഠപുസ്തകം കണ്ടുപിടിച്ച് നോട്ട്ബുക്കിലേക്ക് ആഡ് ചെയ്യുക.
വിദ്യാർഥികൾക്ക് വൻ ആശ്വാസം: ഗൂഗിൾ 'ജെമിനി നോട്ട്ബുക്കിൽ' നൂറുകണക്കിന് പാഠപുസ്തകങ്ങൾ ഇനി സൗജന്യമായി ലഭിക്കും