ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമേകുന്ന ജനപ്രിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. സർക്കാർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ അഞ്ചു വർഷത്തിന്റെ ഇളവ് അനുവദിച്ചുകൊണ്ട് അദ്ദേഹം ഉത്തരവിട്ടു. അടുത്ത അഞ്ചു വർഷത്തേക്കായിരിക്കും ഈ ഇളവ് പ്രാബല്യത്തിൽ ഉണ്ടാകുക. പ്രായപരിധി ഉയർത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സമീപിച്ചതിനെ തുടർന്നാണ് ടി.വി.കെ സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
പുതിയ ഉത്തരവനുസരിച്ച്, ഗ്രൂപ്പ് 1 സർവീസുകളിൽ ജനറൽ വിഭാഗക്കാർക്കുള്ള പ്രായപരിധി 32-ൽ നിന്ന് 37 വയസ്സായും സംവരണ വിഭാഗക്കാർക്ക് 37-ൽ നിന്ന് 42 വയസ്സായും ഉയരും. ഗ്രൂപ്പ് 1 ലക്ഷ്യമിടുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ജനറൽ വിഭാഗത്തിൽ 47 വയസ്സും (പഴയത് 42), സംവരണ വിഭാഗങ്ങളിൽ 52 വയസ്സും (പഴയത് 47) ആയിരിക്കും പുതിയ പ്രായപരിധി.
ഗ്രൂപ്പ് II, IIa സർവീസുകളിൽ സംവരണ വിഭാഗത്തിലുള്ളവർക്ക് നിലവിൽ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ ജനറൽ വിഭാഗക്കാർക്ക് 30 വയസ്സായിരുന്നത് ഇനി മുതൽ 35 വയസ്സായി ഉയരും. ഈ തസ്തികകളിൽ ജനറൽ വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാർക്കുള്ള പ്രായപരിധി 40-ൽ നിന്ന് 45 വയസ്സായും വർദ്ധിക്കും
തമിഴ്‌നാട്ടിൽ വൻ ജനപ്രിയ പ്രഖ്യാപനം; സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് പ്രഖ്യാപിച്ച് വിജയ്